'ലാഹോറിലെ പമ്പിൽ പെട്രോളില്ല, എടിഎമ്മിൽ പണവും'; വിമർശനവുമായി മുൻ പാക് ക്രിക്കറ്റർ, വിവാദം
|ഹൈവേ ഉപരോധത്തെ തുടർന്ന് പാകിസ്താനിലെ പഞ്ചാബിലും സമീപപ്രദേശങ്ങളിലും പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമം നേരിടുന്നതായി പാക് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
പാകിസ്താനിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്നു കാട്ടി മുൻ ക്രിക്കറ്റർ മുഹമ്മദ് ഹഫീസ്. ലാഹോറിലെ പമ്പുകളിൽ പെട്രോളില്ലാത്തതും എടിഎമ്മുകളിൽ പണമില്ലാത്തതുമാണ് താരം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് പാകിസ്താനിൽ വൻ രാഷ്ട്രീയ വിവാദമുയർന്നിരിക്കുകയാണ്.
''ലാഹോറിലെ ഏതെങ്കിലും പെട്രോൾ സ്‌റ്റേഷനിൽ പെട്രോളുണ്ടോ? എടിഎം മെഷീനുകളിൽ പണമുണ്ടോ? രാഷ്ട്രീയ തീരുമാനങ്ങൾ മൂലം എന്തിനാണ് സാധാരണക്കാരൻ സഹിക്കുന്നത്'' മുൻ പാക് ഓൾറൗണ്ടർ ട്വിറ്ററിൽ കുറിച്ചു. നിലവിലുള്ള പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവരടക്കമുള്ളവരെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.
ഹൈവേ ഉപരോധത്തെ തുടർന്ന് പാകിസ്താനിലെ പഞ്ചാബിലും സമീപപ്രദേശങ്ങളിലും പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമം നേരിടുന്നതായി പാക് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാഹോറിലെ കാൻറ്, ഡിഎച്ച്എ, ഗുൽബെർഗ്, ജോഹർ ടൗൺ എന്നിവിടങ്ങളിലൊക്കെ പമ്പുകൾ അടഞ്ഞുകിടക്കുകയാണ്.
സുപ്രിംകോടതി ഇടപെട്ടതിനെ തുടർന്ന് ഇമ്രാൻ ഖാൻ രാജിവെച്ച ശേഷം 23ാമത് പ്രധാനമന്ത്രിയായാണ് ഷഹബാസ് ഷരീഫ് അധികാരത്തിലേറിയത്. എന്നാൽ അധികാരത്തിൽ നിന്നിറങ്ങിയ ഇമ്രാൻ 'ആസാദി മാർച്ചെ'ന്ന പേരിൽ റാലികൾ സംഘടിപ്പിച്ചു വരികയാണ്. ഈ മാർച്ച് തടയാനായി പലയിടത്തും റോഡുകളിൽ തടസ്സം സൃഷ്ടിച്ചത് ഗതാഗതത്തെ ബാധിച്ചിരിക്കുകയാണ്.
നിലവിൽ വിമർശനമുന്നയിച്ച ഹഫീസ് ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും സാന്നിധ്യം അറിയിച്ച താരമാണ്. 2017ൽ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്നു. 12000 റൺസും 250ലേറെ വിക്കറ്റും നേടിയിട്ടുണ്ട്. പാക് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
Former cricketer Mohammad Hafeez has exposed the problems faced by ordinary people in Pakistan