World
പോസിറ്റീവായാൽ 21 ദിവസം നിർബന്ധിത ക്വാറന്റൈൻ; കുരങ്ങുപനിക്കെതിരെ കടുത്ത നടപടിയുമായി ബെൽജിയം
World

പോസിറ്റീവായാൽ 21 ദിവസം നിർബന്ധിത ക്വാറന്റൈൻ; കുരങ്ങുപനിക്കെതിരെ കടുത്ത നടപടിയുമായി ബെൽജിയം

Web Desk
|
22 May 2022 2:52 PM GMT

ബ്രിട്ടനിലെ ലൈംഗിക ആരോഗ്യ രംഗത്തെ രോഗം വലിയ തോതില്‍ ബാധിക്കുമെന്നാണ് ബ്രിട്ടീഷ് അസോസിയേഷൻ ഫോർ സെക്ഷ്വൽ ഹെൽത്ത് ആൻഡ് എച്ച്.ഐ.വി തലവൻ ഡോ. ക്ലെയർ ഡ്യൂസ്‌നാപ് മുന്നറിയിപ്പ് നൽകിയത്

ബ്രസൽസ്: കുരങ്ങുപനിക്കെതിരെ കടുത്ത നടപടികളുമായി ബെൽജിയം. രോഗം ബാധിച്ചവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയിരിക്കുകയാണ് രാജ്യം. ഇതാദ്യമായാണ് കുരങ്ങുപനിക്ക് ഒരു രാജ്യം ക്വാറന്റൈൻ നിർബന്ധമാക്കുന്നത്. അമേരിക്കയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും പുതിയ ആശങ്കയുയർത്തി രോഗം പടരുന്നതിനിടെയാണ് ബെൽജിയം കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.

കുരങ്ങുപനി പോസിറ്റീവായാൽ 21 ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്നാണ് ബെൽജിയം ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. രാജ്യത്ത് മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് നടപടി. വെള്ളിയാഴ്ചയാണ് ബെൽജിയത്തിൽ ആദ്യത്തെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. ഇതിനുശേഷമാണ് രണ്ടുപേർക്കുകൂടി രോഗം പോസിറ്റീവായത്. തുറമുഖ നഗരമായ ആന്റ്‌വെർപ്പിൽ ഒരു ഉത്സവത്തിൽ പങ്കെടുത്തവരാണ് എല്ലാവരും.

യൂറോപ്പിൽ കുരങ്ങുപനിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ആരോഗ്യരംഗത്തെ വിദഗ്ധർ രംഗത്തെത്തിയിരുന്നു. രോഗം പടർന്നാൽ വലിയ പ്രതിസന്ധിയായിരിക്കും ഇതു സൃഷ്ടിക്കുകയെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടനിലെ ലൈംഗിക ആരോഗ്യ രംഗത്തെ രോഗം വലിയ തരത്തിൽ ബാധിക്കുമെന്ന് ബ്രിട്ടീഷ് അസോസിയേഷൻ ഫോർ സെക്ഷ്വൽ ഹെൽത്ത് ആൻഡ് എച്ച്.ഐ.വി തലവൻ ഡോ. ക്ലെയർ ഡ്യൂസ്‌നാപ് ചൂണ്ടിക്കാട്ടിയിരുന്നു.

ബ്രിട്ടനിൽ ഇതുവരെ 20 പേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 11 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

അതിനിടെ, രോഗത്തെക്കുറിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ പ്രതികരിച്ചിരുന്നു. കുരങ്ങുപനി പടർന്നാൽ സ്ഥിതി ഗുരുതരമാകുമെന്നും കൂടുതൽ ജാഗ്രത വേണമെന്നും ബൈഡൻ വ്യക്തമാക്കി. രോഗത്തിനെതിരെ വാക്‌സിൻ വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

21 രാജ്യങ്ങളിലാണ് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടനും ജെൽജിയത്തിനും പുറമെ രോഗം സ്ഥിരീകരിച്ച യു.എസ്, കാനഡ, ഫ്രാൻസ്, ജർമനി, സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ, ആസ്‌ത്രേലിയ, ഇസ്രായേല്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിൽ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പ്രകാരം പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന അസുഖം പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചൊറിച്ചിലോ കുമികളോ ഉണ്ടാക്കും. കുരങ്ങ്, എലി എന്നിവയിൽനിന്ന് രോഗം സംക്രമിക്കാനിടയുണ്ട്. കുരങ്ങുപനിക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. 10 ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറൻ വകഭേദവും. ഗുരുതര രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ രോഗം മാറുന്നതാണ് കണ്ടുവരുന്നത്. കുരങ്ങുപനിയിൽ മരണനിരക്ക് പൊതുവെ കുറവാണ്.

Summary: Belgium has become the first country to introduce a compulsory 21-day monkeypox quarantine - as 14 countries now confirm outbreaks o f the viral disease

Similar Posts