World
കുരങ്ങുവസൂരി: സ്വവർഗാനുരാഗികളായ പുരുഷന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ
World

കുരങ്ങുവസൂരി: സ്വവർഗാനുരാഗികളായ പുരുഷന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

Web Desk
|
28 July 2022 10:43 AM GMT

കുരങ്ങുവസൂരി റിപ്പോർട്ട് ചെയ്തതിൽ 98 ശതമാനവും സ്വവർഗാനുരാഗികളായ പുരുഷന്മാരിലാണെന്ന് മസാച്യുസെറ്റ്‌സ് മെഡിക്കൽ സൊസൈറ്റി ജേണലായ 'ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനി'ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കിയിരുന്നു

ജനീവ: കുരങ്ങുവസൂരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ ജാഗ്രതാ നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). സ്വവർഗാനുരാഗികളായ പുരുഷന്മാരോടാണ് കൂടുതൽ ജാഗ്രത പാലിക്കാൻ ഡബ്ല്യു.എച്ച്.ഒ മേധാവി തെദ്രോസ് അദാനം ഗെബ്രിയേസസ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറയ്ക്കാനാണ് നിർദേശം.

രോഗവ്യാപനത്തിനുള്ള സാധ്യത പരാമവധി കുറയ്ക്കാനെന്നു പറഞ്ഞാണ് തെദ്രോസ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ''പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ പങ്കാളികളുടെ എണ്ണം കുറയ്ക്കണം. പുതിയ ആളുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പുനരാലോചിക്കണം.''-അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ പങ്കാളികളുമായി ബന്ധത്തിൽ ഏർപ്പെട്ടാൽ അക്കാര്യം ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും തെദ്രോസ് ഗെബ്രിയേസസ് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കെന്നു പറഞ്ഞാണ് ഇത്തരമൊരു നിർദേശം.

കുരങ്ങുവസൂരി റിപ്പോർട്ട് ചെയ്തതിൽ 98 ശതമാനവും സ്വവർഗാനുരാഗികളായ പുരുഷന്മാരിലാണെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. മസാച്യുസെറ്റ്‌സ് മെഡിക്കൽ സൊസൈറ്റിയുടെ ജേണലായ 'ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനി'ൽ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച പഠനം ഉദ്ധരിച്ചാണ് എ.എഫ്.പിയുടെ റിപ്പോർട്ട്. ഗേ, ബൈസെക്ഷ്വൽ പുരുഷന്മാരിലാണ് ഇത്തരത്തിൽ രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ 95 ശതമാനവും സ്വവർഗരതിയിലൂടെയാണെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു.

കഴിഞ്ഞ മേയിലാണ് കുരങ്ങുവസൂരി ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. 78 രാജ്യങ്ങളിലായി 18,000 കേസുകളാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം ഡബ്ല്യു.എച്ച്.ഒ അറിയിച്ചത്. ഇതിൽ 70 ശതമാനവും യൂറോപ്പിലാണ്. 25 ശതമാനം അമേരിക്കൻ വൻകരകളിലും. അഞ്ചു മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്.

Summary: Amid monkeypox surge, WHO urges reducing number of sexual partners

Similar Posts