World
ജര്‍മനിയിലും ബ്രിട്ടനിലും ഇസ്രായേലിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; നിയന്ത്രണം കടുപ്പിച്ച് രാജ്യങ്ങള്‍
World

ജര്‍മനിയിലും ബ്രിട്ടനിലും ഇസ്രായേലിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; നിയന്ത്രണം കടുപ്പിച്ച് രാജ്യങ്ങള്‍

Web Desk
|
28 Nov 2021 1:38 AM GMT

ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി. ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു.

കോവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തി. ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു.

കോവിഡിന്‍റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ വകഭേദത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നു. ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിനെ ലോകാരോഗ്യ സംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബോട്‌സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രായേല്‍ എന്നിവിടങ്ങള്‍ക്ക് പിന്നാലെ ജര്‍മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

കോവിഡ് സ്ഥിതി രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗ വ്യാപനശേഷിയുള്ള വൈറസ് എത്തിയത് സ്ഥിതി സങ്കീര്‍ണമാക്കി. ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ നെതര്‍ലാന്‍സിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാര്‍ ഒമിക്രോണ്‍ ഭീതിയിലാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നെതര്‍ലാന്‍ഡ്‌സില്‍ ഭാഗിക അടച്ചിടല്‍ ഏര്‍പ്പെടുത്തി.

പുതിയ വകഭേദത്തെ കണ്ടെത്തിയതിന്‍റെ പേരില്‍ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തി ശിക്ഷിക്കരുതെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഒമിക്രോണ്‍ ഇതിനോടകം മറ്റിടങ്ങളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാം എന്നതിനാല്‍ യാത്രാനിരോധനങ്ങളില്‍ കഴമ്പില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Similar Posts