200- ലധികം കോവിഡ്-19 വാക്സിനേഷനുകള്‍ എടുത്ത് ജര്മന്കാരന്; പ്രതിരോധ ശേഷിയെ ബാധിക്കുന്നില്ലെന്ന് പഠനം
|ഫ്രെഡറിക്-അലക്സാണ്ടര്‍ യൂണിവേഴ്സിറ്റിയിലെ എര്‍ലാംഗന്‍-നൂണ്‍ബെര്‍ഗ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കോവിഡ്-19 ഹൈപ്പര്‍ വാക്സിനേഷന് രോഗപ്രതിരോധ ശേഷിയുള്ളതായി കണ്ടെത്തിയത്
ന്യൂണ്‍ബര്‍ഗ്: കോവിഡ് വാക്സിന് മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ധാരണ തെറ്റെന്ന് ജര്‍മനിയിലെ ഗവേഷകര്‍. ഫ്രെഡറിക്-അലക്സാണ്ടര്‍ യൂണിവേഴ്സിറ്റിയിലെ എര്‍ലാംഗന്‍-നൂണ്‍ബെര്‍ഗ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കോവിഡ്-19 ഹൈപ്പര്‍ വാക്സിനേഷന് രോഗപ്രതിരോധ ശേഷിയുള്ളതായി കണ്ടെത്തിയത്. 200-ലേറെ തവണ കോവിഡ് 19 വാക്സിന് സ്വീകരിച്ചു എന്നവകാശപ്പെട്ട ഒരു വ്യക്തിയെ പഠന വിധേയമാക്കിയപ്പോള്‍, ഇയാളുടെ പ്രതിരോധ ശേഷിക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച കേസ് സ്റ്റഡിയില്‍ പറയുന്നു.
217 തവണ കോവിഡ് 19 വാക്സിനേഷന് എടുത്തതായി ജര്‍മനിയില്‍ നിന്നുള്ള ഒരു വ്യക്തി അവകാശപ്പെട്ടിരുന്നു. ഇതില്‍ 134 എണ്ണത്തിന് ഔദ്യോഗിക സ്ഥിരീകരണമുണ്ട്. ഇക്കാര്യം പത്രവാര്‍ത്തകളിലൂടെ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെടുകയും ഇയാളെ എര്‍ലാംഗനില്‍ പരീക്ഷണത്തിന് ക്ഷണിക്കുകയുമായിരുന്നു. എഫ്.എ.യുവില്‍ നിന്നുള്ള കിലിയന്‍ ഷോബറിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണം, രോാഗപ്രതിരോധ വ്യവസ്ഥയില്‍ കോവിഡ്-19 ആന്റിജനുകളുമായുള്ള സമ്പര്‍ക്കത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠനവിധേയമാക്കി.
'പത്ര വാര്‍ത്തയിലൂടെയാണ് അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ മനസ്സിലാക്കിയത്' - കിലിയന്‍ ഷോബര്‍ പറയുന്നു.
'ഞങ്ങള്‍ അദ്ദേഹത്തെ ബന്ധപ്പെടുകയും എര്‍ലാംഗനില്‍ വിവിധ പരിശോധനകള്‍ക്കായി ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം അതില്‍ താല്പര്യം പ്രകടിപ്പിച്ചു.'
ഹൈപ്പര്‍ വാക്സിനേഷന് രോഗപ്രതിരോധ കോശങ്ങളില്‍ ക്ഷീണം ഉണ്ടാക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഈ ഊഹങ്ങള്‍ക്ക് വിരുദ്ധമായി, കോവിഡ് വാക്സിന് സ്വീകരിച്ച മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് പഠനം കണ്ടെത്തി. എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി പോലുള്ള വിട്ടുമാറാത്ത അണുബാധയില്‍ ഇത് സംഭവിക്കാമെന്ന് ഷോബര്‍ പറയുന്നു.
വാക്സിനേഷന് മുമ്പും ശേഷവും എടുത്ത രക്തസാമ്പിളുകള്‍ പരിശോധിച്ചാണ് രോഗപ്രതിരോധ പ്രതികരണം വിലയിരുത്തിയത്. 'അയാള്‍ കൂടുതല്‍ വാക്സിനേഷന് എടുക്കാന്‍ തയ്യാറായപ്പോള്‍ ഞങ്ങള്‍ക്ക് സ്വയം രക്തസാമ്പിളുകള്‍ എടുക്കാനും സാധിച്ചു. വാക്സിനേഷനോട് രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രതികരിക്കുന്നുവെന്ന് കൃത്യമായി കണ്ടെത്താന്‍ ഈ സാമ്പിളുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു...' ഷോബര്‍ പറഞ്ഞു.
സാധാരണ മട്ടിലുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്‍ സ്വീകരിച്ച ഒരു പറ്റം ആളുകളുമായി താരതമ്യം ചെയ്തപ്പോള്‍, കൂടുതല്‍ വാക്സിന് എടുത്ത വ്യക്തി മികച്ച രോഗപ്രതിരോധ പ്രതികരണം പ്രകടിപ്പിച്ചു. ഇത് പ്രതിരോധശേഷി തളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കി.
ഈ കണ്ടെത്തലുകള്‍ രോഗപ്രതിരോധ തളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കുക മാത്രമല്ല, വിപുലമായ വാക്സിനേഷന്റെ പ്രതിരോധ സംവിധാനത്തിന്റെ ഫലപ്രാപ്തി ചൂണ്ടികാണിക്കുകയുമാണ് ചെയ്യുന്നതെന്ന് എഴുത്തുകാരി കാതറീന കോച്ചര്‍ പറഞ്ഞു.