ഗസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം: 500 ലേറെ പേർ കൊല്ലപ്പെട്ടു
|ഇതുവരെ 3000 ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്
ഗസ്സസിറ്റി: ഗസ്സയിൽ ഇസ്രായേലിന്റെ മനുഷ്യക്കുരുതി തുടരുന്നു. അൽ അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 500 ലേറെ പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. യുഎൻ അഭയാർഥി ക്യാമ്പിലെ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രായേലിലെത്താനിരിക്കെയാണ് പുതിയ ആക്രമണം.
ഇതുവരെ 3000 ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 500ലേറെ കുട്ടികളടക്കം 1200 പേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അതിനിടെ, ഹമാസ് മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 302 ആയി.
ഗസ്സയിലെ ആശുപത്രികളിൽ ഇന്ധനം തീർന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രികൾ പൂട്ടലിന്റെ വക്കിലുമാണ്. അതേസമയം യുഎന്നിന്റേതുൾപ്പെടെ അവശ്യവസ്തുക്കളുമായുള്ള ട്രക്കുകൾ ഈജിപ്തുമായുള്ള റഫാ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇസ്രായേൽ സമ്മതിക്കാത്തതിനാലാണ് ഇവയ്ക്ക് അതിർത്തി കടക്കാനാകാത്തത്. നാളെ ഇസ്രായേലിലെത്തുന്ന യു എസ് പ്രസിഡന്റ് ജോ ബൈഡൻ ജൂതരാഷ്ട്രത്തിനുള്ള പിന്തുണ ആവർത്തിക്കും. ബൈഡന്റെ സന്ദർശനം ഗസ്സയിലേക്ക് സഹായം എത്തിക്കാനനുവദിക്കാമെന്ന ഇസ്രായേലിന്റെ ഉറപ്പിനെ തുടർന്നാണെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂഹദ് അബ്ബാസുമായും ജോർദാൻ രാജാവുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുമായും ബൈഡൻ സംസാരിക്കും. 2000 സൈനികരോട് ഒരുങ്ങിയിരിക്കാൻ യു എസ് ആവശ്യപ്പെട്ടെങ്കിലും ഇവരെ വിന്യസിക്കുന്നതിൽ തീരുമാനമായില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളിൽ ഇന്നും പുരോഗതിയില്ല. ഫലസ്തീൻ വിഷയത്തിൽ റഷ്യയുടെ പ്രമേയം യുഎൻ സുരക്ഷാകൗൺസിൽ തള്ളി. യുഎസ്, യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ എതിർത്തു.
അന്താരാഷ്ട്ര സഹായം ലഭിച്ചില്ലെങ്കിൽ ഗസ്സയെ കാത്തിരിക്കുന്നത് എക്കാലത്തേയും വലിയ ദുരന്തം. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ 1200 പേരിൽ അഞ്ഞൂറും കുട്ടികളാണ്. ഇവരെ പുറത്തെടുക്കാൻ ആവശ്യമായ ഉപകരണങ്ങളില്ലാതെ നിസ്സഹായരാണ് ഗസ്സക്കാർ. തകർന്ന 'കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അവരുടെ നിലവിളി ഞങ്ങൾക്ക് കേൾക്കാനാകുന്നുണ്ട്, പക്ഷേ ഒന്നും ചെയ്യാനാകുന്നില്ല' ഗസ്സയിലെ ഡോക്ടർ അഹമ്മദ് ഷഹീന്റെ വാക്കുകളാണിത്,, പ്രിയപ്പെട്ടവരെ പുറത്തെടുക്കാൻ അവർക്കുള്ളത് കൈകൾ മാത്രമാണ്. പരിക്കേറ്റവർക്ക് നൽകാൻ വേദനാസംഹാരികളില്ല, മരുന്നില്ല, പ്രിയപ്പെട്ടവരെ കൈവിട്ട ആഘാതത്തിലും ശരീരമാകെ വേദനിക്കുമ്പോഴും കുട്ടികൾ കരയാൻ മറന്നുപോയിരിക്കുന്നു.
അതിനിടെ, ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ല - ഇസ്രായേൽ സംഘർഷം കനക്കുകയാണ്, ഇസ്രായേൽ ആക്രമണത്തിൽ നാല് ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടു. അഞ്ച് വിമാനങ്ങൾ ലബനാൻ തുർക്കിയിലേക്ക് മാറ്റി. ഇനിയും ക്ഷമയോടെ നോക്കിനിൽക്കാനാകില്ലെന്ന് ഇറാൻ ഇന്നും ആവർത്തിച്ചു.
More than 500 killed in Israeli bombardment of Al Ahli Hospital in Gaza: Palestinian Ministry of Health