World
ഗസ്സയിൽ ദിനംപ്രതി പരിക്കേൽക്കുന്നത് 60ലേറെ ഇസ്രായേൽ സൈനികർക്ക്; 2000 പേർക്ക് അവയവങ്ങൾ നഷ്ടം
World

ഗസ്സയിൽ ദിനംപ്രതി പരിക്കേൽക്കുന്നത് 60ലേറെ ഇസ്രായേൽ സൈനികർക്ക്; 2000 പേർക്ക് അവയവങ്ങൾ നഷ്ടം

Web Desk
|
9 Dec 2023 1:40 PM GMT

പ്രതിദിനം 60 ഇസ്രായേൽ സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുന്നതായും ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്

ഗസസിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമാകുമ്പോള്‍ ഇസ്രായേൽ സേനക്ക് കനത്ത നാശനഷ്ടം. ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതിന് ശേഷം 5000ലധികം ഇസ്രായേൽ സൈനികർക്ക് ഗാസയിൽ പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ്.

ഇതുവരെ 2000 ഇസ്രായേൽ സൈനികർക്കാണ് അംഗവൈകല്യം സംഭവിച്ചത്. പ്രതിദിനം 60 ഇസ്രായേൽ സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുന്നതായും ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഹീബ്രു ദിനപത്രമായ യെദിയോത്ത് അഹ്രോനോത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.

''ഇതുപോലൊരു അനുഭവം ഞങ്ങൾക്കുണ്ടായിട്ടില്ല. മുറിവേറ്റവരിൽ 58% ത്തിലധികം പേർക്കും കൈകൾക്കും കാലുകൾക്കും സാരമായ പരിക്കുണ്ട്''- ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ വകുപ്പ് മേധാവിയുമായ ലിമോർ ലൂറിയ പറഞ്ഞു.

''12% പരിക്കുകളും ആന്തരികമാണ്, വൃക്കകളുള്‍പ്പെടെയുള്ളവക്ക് പരിക്കേറ്റിട്ടുണ്ട്. 7% പേരും മാനസിക സംഘർഷം അനുഭവിക്കുന്നു, ഇത് ഇനി ഉയാരാനാണ് സാധ്യത''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്‌ടോബർ ഏഴിന് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതുവരെ 420 ഇസ്രായേല്‍സൈനികര്‍കൊല്ലപ്പെട്ടതായാണ് കണക്ക്. അതേസമയം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലും റഫയിലും ഇസ്രായേൽ നരഹത്യ തുടരുകയാണ്. 24 മണിക്കൂറിനിടെ മാത്രം 350ഓളം പേരെയാണ് ഇസ്രായേൽ സേന കൊന്നൊടുക്കിയത്.

അതേസമയം ഹമാസ് പ്രതിരോധവും ശക്തമാണ്. ടെല്‍ അവീവിലടക്കം ഹമാസ്, വ്യോമാക്രമണം നടത്തി. തെക്കൻ ഇസ്രായേലിലും വടക്കൻ ഇസ്രായേലിലും അപായ സൈറണുകൾ നിലക്കുന്നില്ലെന്നാണ് വിവരം. ലബനാൻ അതിർത്തിയിൽ നിന്ന് ഹിസ്ബുല്ലയും ആക്രമണം ശക്തമാക്കുകയാണ്. അതിനിടെ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എ.ഇ അവതരിപ്പിച്ച് പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. 15 അംഗ രക്ഷാസമിതിയിൽ ഫ്രാൻസടക്കം 13 അംഗങ്ങളും പിന്തുണച്ച പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്.

Summary-Over 5,000 Israeli soldiers injured since Oct. 7, with 58% seriously: Israeli media

Similar Posts