പ്രസംഗത്തില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങള്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരെന്ന് പരാതി; ഫ്രാന്‍സില്‍ ഇമാമിനെ പിരിച്ചുവിട്ടു
|പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഭാര്യമാരെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും ഹദീസ് വചനവുമാണ് ഇമാം ഉദ്ധരിച്ചതെന്ന് തുര്‍ക്കി പത്രമായ 'ലെ ഫിഗാറോ' റിപ്പോര്‍ട്ട് ചെയ്തു.
ഈദ് പ്രഭാഷണത്തിനിടെ ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങള്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരാണെന്ന പരാതിയെ തുടര്‍ന്ന് ഫ്രാന്‍സില്‍ പള്ളി ഇമാമിനെ പിരിച്ചുവിട്ടു. ലോയ്‌റെ പ്രവിശ്യയിലെ സെയിന്റ് ചാമോന്ദ് ഗ്രാന്‍ഡ് മോസ്‌കിലെ ഇമാമായ മാദി അഹമ്മദയെ ആണ് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മനിന്റെ നിര്‍ദേശപ്രകാരം പിരിച്ചുവിട്ടത്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഭാര്യമാരെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും ഹദീസ് വചനവുമാണ് ഇമാം ഉദ്ധരിച്ചതെന്ന് തുര്‍ക്കി പത്രമായ 'ലെ ഫിഗാറോ' റിപ്പോര്‍ട്ട് ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലറായ ഇസബല്ലെ സര്‍പ്ലിയാണ് ഇമാമിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തരമന്ത്രി ഇമാമിനെ പിരിച്ചുവിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ പെര്‍മിറ്റ് പുതുക്കിനല്‍കേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇമാം ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങളുടെ ആശയം അംഗീകരിക്കാനാവില്ലെന്നും അത് ലിംഗസമത്വത്തിന് എതിരാണെന്നും മന്ത്രി പറഞ്ഞു. ഇമാമിനെ പിരിച്ചുവിട്ടതായി പള്ളി ഭരണസമിതി പിന്നീട് വ്യക്തമാക്കി.
അതേസമയം സര്‍ക്കാര്‍ പള്ളി ഇമാമുകളെ മനപ്പൂര്‍വ്വം ലക്ഷ്യംവെക്കുകയാണെന്ന് ആരോപണമുയരുന്നുണ്ട്. ആഭ്യന്തരമന്ത്രി ഇസ്‌ലാമിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയാണെന്ന് മാധ്യമനിരീക്ഷകനായ സൈല്‍വിന്‍ ടിറോ പറഞ്ഞു. ഇമാമിനെ പിന്തുണച്ചുകൊണ്ട് ഒപ്പുശേഖരണം തുടങ്ങിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.