World
gaza
World

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി മൊസാദ് മേധാവി ദോഹയിലേക്ക്; നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ഇസ്രായേലികള്‍

Web Desk
|
17 March 2024 1:29 AM GMT

നെതന്യാഹു സര്‍ക്കാറിന്റെ രാജിയും ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്നും ആവശ്യപ്പെട്ട് ആയിരങ്ങള്‍ ഇന്നലെ തെരുവിലിറങ്ങി.

ഗസ്സസിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയ ദോഹയിലേക്ക്. ഹമാസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ നിര്‍ണായക ചര്‍ച്ചയാണ് ദോഹയില്‍ നടക്കുക. അമേരിക്കന്‍ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇസ്രായേല്‍ ദോഹയിലേക്ക് സംഘത്തെ അയക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മൊസാദ് മേധാവി ഡേവിഡ്ബര്‍ണിയയുടെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സംഘം ഇന്നോ നാളെയോ ദോഹയില്‍ എത്തും. എന്നാല്‍ ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭ വിളിച്ചു ചേര്‍ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു ഇനിയും തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാന്‍ ബദല്‍ മിനി മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ക്കാന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തീരുമാനിച്ചതായി ഇസ്രയേലി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബന്ദികളെ സുരക്ഷിതമായി ഇസ്രായലില്‍ എത്തിക്കാനുള്ള നീക്കത്തെ പിന്തുണക്കുമെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് പറഞ്ഞു. ബന്ദികള്‍ തിരിച്ചെത്താതെ വിജയം ഉണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യുദ്ധകാര്യ മന്ത്രിസഭയുടെ തെറ്റായ നടപടികള്‍ മൂലം ഇസ്രായേല്‍ പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് ഇസ്രായേല്‍ മിനി യുദ്ധകാര്യ മന്ത്രിസഭാംഗം ഗിഡിയോണ്‍ സാര്‍ കുറ്റപ്പെടുത്തി. നെതന്യാഹു സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ടും ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്നും ആവശ്യപ്പെട്ട് ആയിരങ്ങള്‍ ഇന്നലെ തെരുവിലിറങ്ങി. തെല്‍ അവീവിന് പുറമെ ഹൈഫയിലും ജറൂസലമിലും പ്രക്ഷോഭം നടന്നു. ഇസ്രായേലിലെ നാല്‍പതിടങ്ങളിലാണ് പ്രകടനം നടന്നത്. രാജ്യത്ത് നടന്ന ഏറ്റവും വലിയ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കൂടിയാണിത്. ബന്ദികളുടെ ബന്ധുക്കളും പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു.

റഫക്കു നേരെ ആക്രമണം നടത്താന്‍ നെതന്യാഹു അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ ദോഹ ചര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. എന്നാല്‍ സിവിലിയന്‍ സുരക്ഷ ഉറപ്പാക്കാതെ ആക്രമണം നടത്താന്‍ ഇസ്രായേല്‍ തയാറാകുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും പ്രതികരിച്ചു. വടക്കന്‍ ഗസ്സയില്‍ സ്ഥിതി അത്യന്തം ഗുരുതരമെന്ന് 'യുനര്‍വ' അറിയിച്ചു. പോഷകാഹാര കുറവും നിര്‍ജലീകരണവും മൂലം മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുകയാണെന്നും ഏജന്‍സി പറഞ്ഞു. കരമാര്‍ഗം കൂടുതല്‍ സഹായം എത്താന്‍ വൈകുന്നത് നിരവധി പേര്‍ മരിക്കാനിടയാക്കുന്ന സാഹചര്യമാണുള്ളത്. ജോര്‍ദാന്‍, ഈജിപ്ത് രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക ഗസ്സയില്‍ ഇന്നലെയും ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്തു. സൈപ്രസില്‍ നിന്നെത്തിയ കപ്പലില്‍ 200 ടണ്‍ ഭക്ഷ്യവസ്തുക്കളും ഗസ്സയിലിറക്കി. എന്നാല്‍ ആക്രമണം തുടരുന്നതു കാരണം ഭക്ഷ്യവിതരണം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ അറിയിച്ചു.

Similar Posts