World
Israel’s Mossad allegedly involved in Italian Espionage scandal targeted  Prime Minister Giorgia Meloni and high-ranking Italian officials, Mossad espionage in Italy,
World

'മെലോണിയുടെ രഹസ്യവിവരങ്ങൾ ചോർത്തി; ആഭ്യന്തര മന്ത്രാലയം സെർവറുകൾ ഹാക്ക് ചെയ്തു'-ഇറ്റലിയിൽ മൊസാദിന്റെ വൻ ചാരവൃത്തി

Web Desk
|
3 Nov 2024 12:40 PM GMT

പുറത്തുവന്ന വ്യക്തിവിവരങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സർക്കാരുമായി ബന്ധപ്പെട്ട രഹസ്യങ്ങളും ചോർന്നിരിക്കാനിടയുണ്ടെന്നും ഇറ്റാലിയൻ പ്രതിരോധ മന്ത്രി ക്രോസെറ്റോ പ്രതികരിച്ചു

റോം: പ്രധാനമന്ത്രി ജോർജിയ മെലോണി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാരെ ലക്ഷ്യമിട്ട് മൊസാദ് ഇറ്റലിയിൽ ചാരവൃത്തി നടത്തിയതായി വെളിപ്പെടുത്തൽ. മിലാൻ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയെ ഉപയോഗിച്ചാണു രഹസ്യവിവരങ്ങൾ ചോർത്തിയതെന്നാണു വിവരം. സംഭവത്തിൽ നാലുപേർ അറസ്റ്റിലായതായി ഇസ്രായേൽ മാധ്യമമായ 'യെദിയോത്ത് അഹ്‌റോനോത്ത്' റിപ്പോർട്ട് ചെയ്യുന്നു.

ഇറ്റാലിയൻ സ്വകാര്യ ഗവേഷണ സ്ഥാപനമായ 'ഈക്വലൈസ്' ആണു ചാരവൃത്തിക്കു വിചാരണ നേരിടുന്നത്. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് കമ്പനിയുടെ തലവൻ. മുതിർന്ന മൊസാദ് വൃത്തങ്ങൾ ഈ കമ്പനിയിൽ അംഗങ്ങളാണെന്നാണു വിവരം. പഴയ ജീവനക്കാരും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.

2019നും 2024നും ഇടയിൽ ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള വിവിധ മന്ത്രാലയങ്ങളുടെ സെർവറുകളും ഹാക്ക് ചെയ്തതായാണ് റിപ്പോർട്ട്. പൊലീസ് വിവരങ്ങളും ചോർത്തിയിട്ടുണ്ട്. അതീവ സുരക്ഷാ പ്രാധാന്യമുള്ള രഹസ്യവിവരങ്ങളെല്ലാം ചോർത്തി ഫയലുകളായി സൂക്ഷിച്ചിരിക്കുകയാണെന്ന് യെദിയോത്ത് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ നടത്തുന്ന സംഘങ്ങൾക്കു വിൽക്കാനായാണ് ഈ വിവരങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുന്നതെന്നും പലതും നേരത്തെ തന്നെ പലർക്കും കൈമാറിയിട്ടുണ്ടെന്നും സൂചനയുണ്ട്.

വലിയ കമ്പനികളും പ്രമുഖ നിയമസ്ഥാപനങ്ങളുമാണ് 'ഈക്വലൈസി'ന്റെ ക്ലയന്റുകൾ. എതിരാളികൾക്കുമേൽ മേധാവിത്വം നേടുകയാണു പലരും ലക്ഷ്യമിടുന്നത്. തങ്ങൾക്കെതിരായ കേസുകളിൽ നിയമപോരാട്ടം വിജയിക്കാൻ ഇതിനെ ഉപയോഗിക്കുന്നവരുമുണ്ട്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിടുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന വിവരങ്ങളാണു പുറത്തുവരുന്നത്. മറ്റു സുരക്ഷാ ആശങ്കകളും നിലനിൽക്കുന്നുണ്ട്.

മൊസാദിനു പുറമെ മാഫിയ സംഘങ്ങളും ഭാഗമായ വൻ ഗൂഢാലോചന സംഭവത്തിനു പിന്നിൽ നടന്നിട്ടുണ്ടെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വേറെയും വിദേശ രഹസ്യാന്വേഷണ സംഘങ്ങളും ഓപറേഷന്റെ അണിയറയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് ഇസ്രായേലി പൗരന്മാർ 'ഈക്വലൈസ്' ഓഫീസ് സന്ദർശിച്ചതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റാലിയൻ സർക്കാരിന്റെ ഗ്യാസ് കമ്പനിയായ 'ഇഎൻഐ'യമായി ബന്ധപ്പെട്ട വിവരങ്ങൾ ഇടപാടിന്റെ ഭാഗമായിരുന്നു. ഇറാനിയൻ ഗ്യാസ് കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഇറ്റാലിയൻ മാധ്യമമായ 'കൊറിയർ ഡെല്ല സെറ' റിപ്പോർട്ട് ചെയ്യുന്നു.

ഇറ്റലിയുടെ ഇന്റലിജൻസ് വിഭാഗത്തിൽ പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥനാണ് ഇസ്രായേൽ വൃത്തങ്ങളുടെ സന്ദർശനം ഏകോപിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ അർധസൈനിക വിഭാഗമായ വാഗ്നർ ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തുകയായിരുന്നു ഇവരുടെ ആവശ്യം. ഇതോടൊപ്പം സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹാക്കർമാരെ കണ്ടെത്താനും കമ്പനിയോട് സഹായം തേടിയിട്ടുണ്ട്.

പ്രിഗോഷിനു ലഭിക്കുന്ന സാമ്പത്തിക സഹായം തടയുകയായിരുന്നു ഇസ്രായേൽ സംഘത്തിന്റെ ലക്ഷ്യം. ഇതിനു പകരമായി ഇറാനിൽനിന്നുള്ള ഗ്യാസ് ഇടപാടുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ കൈമാറും. ഒരു മില്യൻ യൂറോ നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു.

സംഭവത്തിൽ രൂക്ഷമായ ഭാഷയിലാണ് ജോർജിയ മെലോണി പ്രതികരിച്ചത്. ജനാധിപത്യത്തിനു ഭീഷണിയായ ഗൂഢനീക്കങ്ങളാണു നടക്കുന്നതെന്നും ഒരു നിലയ്ക്കും ഇതു വകവച്ചു കൊടുക്കാനാകില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അടിയന്തരമായ പാർലമെന്ററി അന്വേഷണം നടത്തണമെന്ന് പ്രതിരോധ മന്ത്രി ഗ്വോയ്‌ദോ ക്രോസെറ്റോയും ആവശ്യപ്പെട്ടു. പുറത്തുവന്ന വ്യക്തിവിവരങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. സർക്കാരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും ചോർന്നിരിക്കാനിടയുണ്ടെന്നും ക്രോസെറ്റോ ചൂണ്ടിക്കാട്ടി.

Summary: Israel’s Mossad allegedly involved in Italian Espionage scandal targeted Prime Minister Giorgia Meloni and high-ranking Italian officials

Similar Posts