World
​ട്രംപിനെയും കമലാ ഹാരിസിനെയുമല്ല; ഭൂരിഭാഗം അമേരിക്കൻ മുസ്‍ലിംകളും പിന്തുണച്ചത് ഗ്രീൻ പാർട്ടിയെ
World

​ട്രംപിനെയും കമലാ ഹാരിസിനെയുമല്ല; ഭൂരിഭാഗം അമേരിക്കൻ മുസ്‍ലിംകളും പിന്തുണച്ചത് ഗ്രീൻ പാർട്ടിയെ

Web Desk
|
9 Nov 2024 10:52 AM GMT

ഗസ്സയുമായി ബന്ധപ്പെട്ട പ്രസിഡന്റ് ബൈഡന്റെ നയമാണ് കമലാ ഹാരിസിനുള്ള പിന്തുണ കുത്തനെ ഇടിയാൻ കാരണം

വാഷിങ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ മുസ്‍ലിംകളിൽ നല്ലൊരു ശതമാനവും പിന്തുണച്ചത് ഗ്രീൻ പാർട്ടി സ്ഥാനാർഥി ജിൽ സ്റ്റെയിനിനെയാണെന്ന് പുതിയ സർവേ റിപ്പോർട്ട്. 53.2 ശതമാനം പേരും ഗ്രീൻ പാർട്ടിക്കാണ് വോട്ട് ചെയ്തത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ​റിപബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപിനെ 21.4 ശതമാനം പേരും ​ഡെമോക്രാറ്റിക് പാർട്ടിയുടെ കമലാ ഹാരിസിനെ 20.3 ശതമാനം പേരും പിന്തുണച്ചു. കൗൺസിൽ ഓൺ അമേരിക്കൻ ഇസ്‍ലാമിക് റിലേഷൻസ് (സിഎഐആർ) ആണ് സർവേ റിപ്പോർട്ട് പുറത്തുവിട്ടത്.

മിഷിഗണിലാണ് ഗ്രീൻ പാർട്ടിക്ക് കൂടുതൽ മുസ്‍ലിംകളുടെ പിന്തുണ ലഭിച്ചത്, 59 ശതമാനം. ഇവിടെ ട്രംപിന് 22ഉം ഹാരിസിന് 14ഉം ശതമാനമാണ് പിന്തുണ.

നവംബർ അഞ്ചിനും ആറിനും ഇടയിൽ 1575 അമേരിക്കൻ മുസ്‍ലിം വോട്ടർമാരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ഗസ്സയുമായി ബന്ധപ്പെട്ട പ്രസിഡന്റ് ബൈഡന്റെ നയമാണ് ഹാരിസിനുള്ള പിന്തുണ കുത്തനെ ഇടിയാൻ കാരണമായതെന്ന് സിഎഐആറിന്റെ ദേശീയ സർക്കാർ കാര്യ ഡയറക്ടർ റോബർട്ട് മക്കാവ് പറഞ്ഞു.

മൂന്നാം പാർട്ടി സ്ഥാനാർഥിയായ ജിൽ സ്റ്റെയിന്റെ പിന്തുണയിൽ വലിയ ഉയർച്ചയാണ് കാണിക്കുന്നത്. കൂടാതെ ട്രംപിനും മുസ്‍ലിം വോട്ടുകൾ നല്ല രീതിയിൽ സമാഹരിക്കാൻ സാധിച്ചുവെന്നും റോബർട്ട് മക്കാവ് പറഞ്ഞു.

അമേരികൻ മുസ്‍ലിംകൾ അവരുടെ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ അവർ പ്രധാന സ്ഥാന ഉറപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസ്സയിലെയും ​ലബനാനിലെയും ഇസ്രായേലിന്റെ വംശഹത്യാ നടപടികൾക്കുള്ള അമേരിക്കയുടെ പിന്തുണ അവസാനിപ്പിക്കണമെന്നും മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കണമെന്നും തടവുകാരെയും ബന്ദികളെയും മോചിപ്പിക്കണമെന്നും സ്റ്റെയിൻ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വ്യക്തമാക്കിയിരുന്നു.

Similar Posts