130 വർഷത്തിൽ ആദ്യം; മഞ്ഞുവീഴ്ചയില്ലാതെ ഫുജി പർവതം
|വര്‍ഷത്തില്‍ പകുതിയും മഞ്ഞുമൂടിക്കിടക്കുന്ന ഫുജി ഒരു സജീവ അഗ്നിപര്‍വതം കൂടിയാണ്
ടോക്യോ: 130 വർഷങ്ങൾക്കുശേഷം മഞ്ഞുവീഴ്ചയില്ലാതെ ജപ്പാനിലെ ഫുജി പർവതം. ജപ്പാനിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് മൗണ്ട് ഫുജി. CNN റിപ്പോർട്ട് പ്രകാരം, ഒക്ടോബറിൽ കൊടുമുടി സാധാരണയായി മഞ്ഞ് മൂടിയിരിക്കും. എന്നാൽ ഒക്ടോബർ 30 ആയിട്ടുകൂടി ഇതുവരെ മഞ്ഞുവീഴ്ചയുടെ ലക്ഷണങ്ങൾ പോലും ഇല്ല. 2023-ൽ ഒക്ടോബർ അഞ്ചിന് കൊടുമുടിയിൽ മഞ്ഞ് കണ്ടെത്തിയിരുന്നു.
ജപ്പാനിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമെന്ന റെക്കോർഡിനു പിന്നാലെയാണ് ഈ കാലതാമസം. ജൂൺ, ആഗസ്റ്റ് മാസങ്ങളിൽ ശരാശരിയേക്കാൾ 1.76 ഡിഗ്രി സെൽഷ്യസ് അധികമായിരുന്നു രാജ്യത്തെ താപനില. കഴിഞ്ഞ മാസം മാത്രം രാജ്യത്തെ 1500 പ്രദേശങ്ങളിലാണ് അധികഠിന ചൂടുള്ള ദിനങ്ങൾ രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഏറ്റവും പുതിയ ഉദാഹരണമായി ഇതോടെ ഫുജി മാറിയിരിക്കുകയാണ്.
ജപ്പാനിലെ ഏറ്റവും ഉയരമേറിയതും പ്രശസ്തവുമായ പര്‍വതമാണ് ഫുജി. എല്ലാ വര്‍ഷവും നിരവധി പര്‍വതാരോഹകരും സഞ്ചാരികളും ഈ പര്‍വതം കയറാനായി എത്താറുണ്ട്. ജപ്പാന്റെ സംസ്‌കാരത്തില്‍ ഏറെ പ്രധാനപ്പെട്ട പര്‍വതമാണ് 3,776 മീറ്റര്‍ ഉയരമുള്ള ഫുജി. ചില വിഭാഗങ്ങള്‍ക്ക് ഇതൊരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. വര്‍ഷത്തില്‍ പകുതിയും മഞ്ഞുമൂടിക്കിടക്കുന്ന ഫുജി ഒരു സജീവ അഗ്നിപര്‍വതം കൂടിയാണ്.