World
Head of Hamas International Relations Office, Moussa Abu Marzouk, clarified his position on the Palestinian-Israeli conflict.
World

'ബ്രിട്ടനും യാഥാർത്ഥ്യമായിരുന്നു, സൂപ്പർ പവറും'; ഇസ്രായേലിനെ അംഗീകരിച്ചുകൂടേയെന്ന ചോദ്യത്തിൽ ഇന്ത്യൻ മാധ്യമത്തോട് ഹമാസ് നേതാവ്

Web Desk
|
29 Oct 2023 7:49 AM GMT

'മരിച്ച ഫലസ്തീനിയാണ് നല്ല ഫലസ്തീനിയെന്ന് വിശ്വസിക്കുന്നവരുമായി സഹവസിക്കാൻ കഴിയുമോ'യെന്ന്‌ മൂസ അബൂ മർസൂഖ്

ദോഹ: ഫലസ്തീൻ - ഇസ്രായേൽ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ഹമാസ് ഇൻറർനാഷണൽ റിലേഷൻസ് ഓഫീസ് തലവൻ മൂസ അബൂ മർസൂഖ്. ഫലസ്തീനിലെ പ്രശ്‌നങ്ങൾ ഒക്‌ടോബർ ഏഴിന് തുടങ്ങിയതല്ലെന്നും പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം പതിറ്റാണ്ടുകൾ നീണ്ട ഇസ്രായേലിന്റെ അധിനിവേശമാണെന്നും ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓഫീസ് തലവൻ പറഞ്ഞു. പ്രതിരോധിച്ചപ്പോഴും അല്ലാത്തപ്പോഴും ഇസ്രായേൽ ദിനംപ്രതി തങ്ങളുടെ ആളുകളെ കൊന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും നൂറുകണക്കിന്‌ കൂട്ടക്കൊലകൾ നടന്നുവെന്നും ഹമാസ് പോളിറ്റ് ബ്യൂറോയുടെ മുൻ തലവൻ കൂടിയായ ഇദ്ദേഹം ഫ്രണ്ട്‌ലൈനിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. തങ്ങളല്ല യുദ്ധം തുടങ്ങിയതെന്നും പ്രശ്‌നങ്ങൾ തുടങ്ങിയത് അധിനിവേശകരാണെന്നും സ്വാതന്ത്ര്യം നേടുന്നത് വരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. ഗസ്സ മുനമ്പിലെ ഇസ്രായേൽ ഉപരോധം 17 വർഷം പഴക്കമുള്ളതാണെന്നും അതിന് നൂറുകണക്കിന് പേർ ഇരകളായെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനികൾ കീഴടങ്ങുന്നത് പോലും ഇസ്രായേൽ സ്വീകരിക്കുന്നില്ലെന്നും ഒന്നുകിൽ കൊല്ലുകയോ അല്ലെങ്കിൽ നാട്ടിൽ നിന്ന് പുറത്താക്കുകയോയാണ് അവരുടെ ഉദ്ദേശ്യമെന്നും മൂസ വ്യക്തമാക്കി.

ഇസ്രായേൽ യാഥാർത്ഥ്യമാണെന്നും എന്ത് കൊണ്ട് രണ്ട് രാജ്യമെന്ന പരിഹാരം അംഗീകരിക്കുന്നില്ലെന്നതിനും മൂസ അഭിമുഖത്തിൽ മറുപടി പറഞ്ഞു. 'ഇസ്രായേൽ യാഥാർത്ഥ്യമായതിനാൽ അത് ഞാൻ അംഗീകരിക്കണമെന്നാണോ താങ്കൾ പറയുന്നത്. അങ്ങനെയെങ്കിൽ ബ്രിട്ടനും യാഥാർത്ഥ്യമായിരുന്നു, ഇസ്രായേലിനേക്കാൾ വലിയ ശക്തിയും. ഇസ്രായേൽ ക്ഷയിച്ചു കൊണ്ടിരിക്കുന്ന പ്രാദേശിക ശക്തിയാണ്, ബ്രിട്ടനാകട്ടെ അന്നത്തെ സൂപ്പർ പവറും. പ്രതിരോധം നിർത്തി ഇസ്രായേലിനെ അംഗീകരിക്കുകയെന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി, പക്ഷേ ശരിയായ വഴി എപ്പോഴും ദുർഘടമാണെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളാണ് സത്യമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്' ഇതായിരുന്നു മൂസ അബൂ മർസൂഖിന്റെ മറുപടി.

ഇസ്രയേലും ഫലസ്തീനും സമാധാനത്തിനായി ഒരുമിച്ച് ജീവിക്കാൻ കഴിയുമോ? അത് ഹമാസിന് സ്വീകാര്യമാണോയെന്നായിരുന്നു ഇഫ്തിഖാർ ഗീലാനി നടത്തിയ അഭിമുഖത്തിലെ മറ്റൊരു ചോദ്യം. 'നിങ്ങൾ ആട്ടിൻകുട്ടിയോട് ചോദിക്കുന്നു, ചെന്നായയുമായി സഹവസിക്കാൻ നിങ്ങൾ സമ്മതിക്കുന്നുണ്ടോ? ആണവായുധങ്ങളും മിഡിൽ ഈസ്റ്റിലെ അത്യാധുനിക ആയുധങ്ങളും കൈവശം വച്ചിരിക്കുന്ന ശക്തിയോട് നിങ്ങൾ ഈ ചോദ്യം ചോദിക്കണം, കാരണം അതാണ് പ്രശ്‌നത്തിന്റെ മൂലകാരണം. ഫലസ്തീനികൾ ഓസ്‌ലോ ഓപ്ഷനും ദ്വിരാഷ്ട്ര പരിഹാരത്തിനും നിലകൊള്ളുന്നവരാണ്. എന്നാൽ അധിനിവേശകർ അവരുടെ രാഷ്ട്രം കെട്ടിപ്പടുക്കുകയും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയുകയും ചെയ്തു. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്ന ആശയം ഫലസ്തീൻ മനസ്സുകളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് നിലവിലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിട്ടുണ്ട്. ഇത്തരം ചിന്തകളുമായി സഹകരിക്കാൻ കഴിയുമോ? മരിച്ച ഫലസ്തീനിയാണ് നല്ല ഫലസ്തീനിയെന്ന് വിശ്വസിക്കുന്നവരുമായി സഹവസിക്കാൻ കഴിയുമോ?' മൂസ ചോദിച്ചു.

ഫലസ്തീനികൾ ഭിന്നിച്ചതിനാൽ മറ്റുള്ളവരുടെ സഹകരണം കുറഞ്ഞുവെന്നതും മൂസ മറുപടി നൽകി. 'ഇത് പരിഹാസ്യമായ വാദമാണ്, കാരണം ഫലസ്തീൻ വിഭജനം നടന്നത് 2006 ലാണ്, അതായത്, ഇസ്രായേൽ സ്ഥാപിതമായതിന് ആറ് പതിറ്റാണ്ടുകൾക്ക് ശേഷം. ഈ ദശകങ്ങളിൽ ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തെ ലോകം എന്തുകൊണ്ട് പിന്തുണച്ചില്ല? തങ്ങൾക്കുള്ള അന്താരാഷ്ട്ര പിന്തുണ കുറയുന്നതിന് പിന്നിൽ ഫലസ്തീൻകാരാണെന്ന് ആരോപിക്കാൻ ലോകം ഒരു കാരണം കണ്ടെത്തുകയാണ്. ഇന്ത്യൻ ജനകീയ വിപ്ലവത്തിലും വ്യത്യസ്ത നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായിരുന്നു'- ഹമാസ് നേതാവ് ചൂണ്ടിക്കാട്ടി.

ബ്രീട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യ പോരാടിയത് പോലെ 30 വർഷം തങ്ങളും സമാധാനപരമായി പ്രതിരോധിച്ചുവെന്നും ഫതഹ് മൂവ്‌മെൻറ് ഓസ്‌ലോ കരാർ ഒപ്പിട്ടുവെന്നും എന്നാൽ ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമായില്ലെന്നും മൂസ ഓർമിപ്പിച്ചു. വെസ്റ്റ് ബാങ്ക് ഒറ്റപ്പെട്ട തുരുത്തായെന്നും ഗസ്സ ഉപരോധിക്കപ്പെട്ടെന്നും പറഞ്ഞു. ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ ഉള്ള ഫലസ്തീനിയ്ക്ക് മറ്റൊരു രാജ്യത്തെത്തുന്നതിനാൽ ശ്രമകരമാണ് മറുഭാഗത്തെത്തുന്നതെന്നും ചൂണ്ടിക്കാട്ടി. ഇതുകൊണ്ടാണ് സമാധാന പരമായ പ്രതിഷേധത്തിൽ വിശ്വാസം നഷ്ടപ്പെട്ടതെന്നും പറഞ്ഞു.

2006ത്തിൽ അധികാരത്തിലെത്തിയിട്ടും ഭരണത്തിൽ ശ്രദ്ധിച്ചില്ലെന്ന വിമർശനത്തിനും മൂസ മറുപടി നൽകി. 1987 സ്ഥാപിക്കപ്പെട്ട ഹമാസ് 2006ൽ അധികാരത്തിലെത്തിയെങ്കിലും ഇസ്രായേലും യുഎസും പാശ്ചാത്യ രാജ്യങ്ങളും ഉപരോധമേർപ്പെടുത്തിയതിനാൽ ഭരണം നിർവഹിക്കാനായില്ല. ഇസ്രായേൽ തങ്ങളുടെ സംവിധാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് പോരാളികൾ സാധാരണക്കാരെ കൊലപ്പെടുത്തിയിട്ടില്ലെന്നും അവ ഇസ്രായേലി ആഖ്യാനങ്ങളാണെന്നും മൂസ പറഞ്ഞു. ബന്ദികൾ അക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Head of Hamas International Relations Office, Moussa Abu Marzouk, clarified his position on the Palestinian-Israeli conflict.

Similar Posts