നീണ്ട നഖങ്ങൾ, ഉരഗ ജീവിയുടെ തലയോട്ടി; ആസ്‌ത്രേലിയൻ കടൽതീരത്ത് അജ്ഞാത ജീവി
|ഇതാദ്യമായല്ല ആസ്‌ത്രേലിയൻ കടൽത്തീരത്ത് വിചിത്ര ജീവികൾ അടിയുന്നത്
ആസ്‌ത്രേലിയയിലെ കടൽ തീരത്ത് ചത്ത നിലയിൽ കണ്ടെത്തിയ വിചിത്ര ജീവിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ആസ്‌ത്രേലിയയിലെ ക്വീൻസ്ലാന്റിലെ പ്രശസ്തമായ ഒരു ബീച്ചിൽ ഒഴുകി നടന്ന ജീവിയുടെ ചിത്രങ്ങൾ നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്. പ്രദേശവാസിയായ അലക്‌സ് ടാൻ തന്റെ ഇൻസ്റ്റാഗ്രാമിലാണ് ജീവിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഉരഗ വർഗത്തിൽ പെട്ട ജീവിയുടെത് പോലെയുള്ള തലയോട്ടി, മൃദുവായതും തളർന്നതുമായ കൈകാലുകൾ, നീളമുള്ള വാലും നഖങ്ങളും തുടങ്ങിയവ ഈ ജീവിയെ വ്യത്യസ്തമാക്കുന്നു. പ്രഭാതസവാരിക്കിടെ മറൂച്ചിഡോർ ബീച്ചിന്റെ തീരത്ത് നിന്നാണ് ഈ ജീവിയെ കണ്ടെത്തിയതെന്ന് അലക്സ് പറഞ്ഞു.
''ഞാൻ വിചിത്രമായ ഒരു രംഗം കണ്ട് ഞെട്ടി'' എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.
അന്യഗ്രഹജീവികളെ കണ്ടെത്തിയെന്ന് ആളുകൾ അവകാശപ്പെടുമ്പോൾ ഈ ചിത്രം നിങ്ങൾക്ക് കൂടി കാണാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ചത്തഴുകിയ ജീവിക്കുമേൽ ഈച്ചകൾ വന്നിരിക്കുന്നുണ്ട്. പോസ്റ്റിൽ കമന്റിട്ട ചിലർ, ഓസ്ട്രേലിയൻ ഇതിഹാസം സ്റ്റീവ് ഇർവിന്റെ മകൾ ബിന്ദി ഉൾപ്പെടെയുള്ള വന്യജീവി വിദഗ്ധരെ ടാഗ് ചെയ്തിട്ടുണ്ട്.
ഇതാദ്യമായല്ല ആസ്‌ത്രേലിയൻ കടൽത്തീരത്ത് വിചിത്ര ജീവികൾ അടിയുന്നത്. കഴിഞ്ഞ മാസമാണ് സിഡ്നിയിലെ വാരിവുഡ് ബീച്ചിൽ വിചിത്രമായ പൊട്ട് പോലെയുള്ള ഒരു രൂപം കണ്ടെത്തിയത്. തലച്ചോർ പോലെയുള്ള ജീവിയെ കണ്ട് നാട്ടുകാർ ഞെട്ടി, പിന്നീട് ഇത് കടൽ അനിമോണാണെന്ന് തിരിച്ചറിഞ്ഞു.