World
അജ്ഞാത രോഗം ബാധിച്ച് നൂറോളം പേര്‍ മരിച്ചു; ലോകാരോഗ്യ സംഘടന അന്വേഷണം തുടങ്ങി
World

അജ്ഞാത രോഗം ബാധിച്ച് നൂറോളം പേര്‍ മരിച്ചു; ലോകാരോഗ്യ സംഘടന അന്വേഷണം തുടങ്ങി

Web Desk
|
15 Dec 2021 3:22 PM GMT

സ്ഥിതി വിലയിരുത്താൻ​ പ്രത്യേക സംഘത്തെ നിയോഗിച്ചു.

അജ്ഞാത രോഗം ബാധിച്ച്​ നൂറോളം പേർ മരിച്ച ദക്ഷിണ സുഡാനിൽ ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്താൻ​ പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗം ബാധിച്ചവരുടെ സാമ്പിളുകൾ ശേഖരിക്കും. എന്നിട്ട് വിദഗ്ധ പരിശോധന നടത്തും.

ഫാൻഗാക്ക്​ നഗരത്തിലാണ്​ ആദ്യം രോഗബാധ റിപ്പോർട്ട്​ ചെയ്​തതെന്ന്​ സുഡാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോളറയാണെന്നായിരുന്നു പ്രാഥമികമായ സംശയം. എന്നാല്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും കോളറയല്ലെന്ന് വ്യക്തമായി. എന്താണ് രോഗമെന്ന് കണ്ടെത്താന്‍ രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയത്.

ഫാന്‍ഗാക്കില്‍ വെള്ളപ്പൊക്കവും രൂക്ഷമാണ്. വിദഗ്ധര്‍ ഹെലികോപ്റ്ററില്‍ രോഗം സ്ഥിരീകരിച്ച പ്രദേശത്ത് എത്തിയെന്ന്​ ലോകാരോഗ്യ സംഘടനയുടെ വക്​താവ്​ ഷെലിയ ബായ പറഞ്ഞു. സാമ്പിളുകൾ ശേഖരിച്ച്​ ഉടൻ അവിടെ നിന്ന്​ സുഡാന്‍റെ തലസ്ഥാനത്തേക്ക്​ മടങ്ങാനാണ് ശ്രമം.

വെള്ളപ്പൊക്കം മലേറിയ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനിടയാക്കി. ചില സംസ്ഥാനങ്ങളില്‍ ഭക്ഷ്യക്ഷാമം മൂലം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. എണ്ണപ്പാടങ്ങളില്‍ നിന്നുള്ള എണ്ണ കാരണം വെള്ളം മലിനമാവുന്ന സാഹചര്യവുമുണ്ട്.

കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ദക്ഷിണ സുഡാനിലുണ്ടായത്. 7,00,000ത്തിലധികം ആളുകളെ ബാധിച്ചു. വെള്ളപ്പൊക്കം ഭക്ഷ്യ വിതരണത്തെയും ചരക്കുനീക്കത്തെയും ബാധിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് വെള്ളപ്പൊക്കത്തിനു കാരണമെന്ന് യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻഎച്ച്സിആർ പറഞ്ഞു.

Similar Posts