World
Americasfirsthijabwearingjudge, NewJerseysfirsthijabwearingjudge, UShijabwearingpublicfigures, NewJerseyjudgeNadiaKahf

നാദിയ കഹ്ഫ് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍

World

ന്യൂജഴ്‌സിയിൽ ഹിജാബ് ധരിച്ച ആദ്യ ജഡ്ജി; ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്

Web Desk
|
24 March 2023 9:43 AM GMT

രണ്ടു വയസുള്ളപ്പോഴാണ് നാദിയ കുടുംബത്തോടൊപ്പം സിറിയയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നത്

വാഷിങ്ടൺ: അമേരിക്കയിലെ ന്യൂജഴ്‌സിയിലെ പരമോന്നത കോടതിയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജി. വെയ്‌നിൽനിന്നുള്ള കുടുംബനിയമ-കുടിയേറ്റ അറ്റോണിയായ നാദിയ കഹ്ഫ് ആണ് ജഡ്ജിയായി സ്ഥാനമേറ്റത്. കഴിഞ്ഞ ദിവസം ഖുർആനിൽ തൊട്ടാണ് അവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ന്യൂജഴ്‌സിയിലെ പസായിക് കൗണ്ടിയിൽ സുപീരിയർ കോർട്ട് ജഡ്ജിയായാണ് നാദിയയുടെ നിയമനം. ഒരു വർഷംമുൻപ് ന്യൂജഴ്‌സി ഗവർണർ ഫിർ മർഫിയാണ് അവരെ സ്ഥാനത്തേക്ക് നാമനിർദേശം നടത്തിയത്. യു.എസിൽ മുസ്‌ലിം വനിതകൾ മുൻപും സ്റ്റേറ്റ് ജഡ്ജിയായിട്ടുണ്ടെങ്കിലും ന്യൂജഴ്സിയില്‍ ഹിജാബ് ധരിച്ചയൊരാൾ ഈ സ്ഥാനത്തെത്തുന്നത് ഇതാദ്യമാണ്.

ന്യൂജഴ്‌സിയിലെ അറബ്-മുസ്‌ലിം സമൂഹത്തെ പ്രതിനിധീകരിച്ച് ഇവിടെ നിൽക്കാനായതിൽ അഭിമാനമുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ നാദിയ പറഞ്ഞു. ഭയമേതുമില്ലാതെ മതം അനുഷ്ഠിച്ചു തന്നെ നമ്മൾ ആഗ്രഹിച്ചയാളാകാൻ കഴിയുമെന്ന് പുതുതലമുറ മനസിലാക്കണം. വൈവിധ്യമാണ് നമ്മുടെ ശക്തി. അത് നമ്മുടെ ദൗർബല്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

സിറിയൻ വംശജയാണ് നാദിയ കഹ്ഫ്. രണ്ടു വയസുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം സിറിയയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നത്. വർഷങ്ങളായി യു.എസിലെ സാമൂഹികരംഗത്ത് സജീവമാണ് അവർ. 2003 മുതൽ മുസ്‌ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ ന്യൂജഴ്‌സി ചാപ്റ്റർ ബോർഡ് അംഗമായിരുന്നു നാദിയ. നിലവിൽ സംഘടനയുടെ ചെയർപേഴ്‌സനുമാണ്.

ക്ലിഫ്റ്റണിലെ ഗാർഹിക പീഡന-സാമൂഹിക സേവന രംഗത്ത് സജീവമായ സന്നദ്ധ സംഘമായ വഫാ ഹൗസിന്റെ നിയമോപദേഷ്ടാവ് കൂടിയാണ്. ഇസ്്‌ലാമിക് സെന്റർ ഓഫ് പസായിക് കൗണ്ടി ചെയർവുമണുമാണ് നാദിയ.

Summary: Syrian-origin Nadia Kahf has been appointed to the New Jersey Superior Court, becoming the first-headscarf wearing judge in the state

Nadia Kahf becomes first-headscarf wearing judge in New Jersey

Similar Posts