World
ചൊവ്വയിൽ ജീവിക്കാൻ ഒരുക്കമാണോ? നാസ വിളിക്കുന്നു
World

ചൊവ്വയിൽ ജീവിക്കാൻ ഒരുക്കമാണോ? നാസ വിളിക്കുന്നു

Web Desk
|
7 Aug 2021 11:01 AM GMT

ചൊവ്വയ്ക്കു സമാനമായ കൃത്രിമ വാസസ്ഥലമൊരുക്കി പരീക്ഷണദൗത്യം ആരംഭിക്കുകയാണ് നാസ. യഥാർത്ഥ ചൊവ്വാദൗത്യത്തിനിടയിൽ നേരിടാനിടയുള്ള എല്ലാ വെല്ലുവിളികളും കൃത്രിമമായി സൃഷ്ടിച്ചായിരിക്കും പരീക്ഷണം

ചൊവ്വാഗ്രഹത്തിൽ മനുഷ്യവാസം യാഥാർത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. ഇതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ചൊവ്വയ്ക്കു സമാനമായ കൃത്രിമ വാസസ്ഥലമൊരുക്കി തയാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. ഭാവിയിൽ ചൊവ്വാജീവിതത്തിനിടെ നേരിടാനിടയുള്ള എല്ലാ വെല്ലുവിളികളും കൃത്രിമമായി സൃഷ്ടിച്ച് അതിനുള്ള പരിഹാരങ്ങള്‍ ഒരുക്കുകയാണ് നാസ പദ്ധതിയിടുന്നത്.

ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് പരീക്ഷണദൗത്യം. അടുത്ത വർഷം അവസാനത്തിൽ പദ്ധതിക്ക് തുടക്കമാകും. ദൗത്യത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കായി നാസ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇവരുടെ യോഗ്യതയും നാസ പുറത്തുവിട്ടിട്ടുണ്ട്.

ടെക്‌സാസിലുള്ള നാസയുടെ ജോൺസൻ ബഹിരാകാശ കേന്ദ്രത്തിലാണ് കൃത്രിമ ചൊവ്വാ പ്രതലം ഒരുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്നു തവണ ഒരു വർഷം നീളുന്ന 'ക്ര്യൂ ഹെൽത്ത് ആൻഡ് പെർഫോമൻസ് എക്‌സ്‌പ്ലോറേഷൻ അനലോഗ്' എന്ന പേരിലുള്ള പരീക്ഷണദൗത്യത്തിന്റെ ഭാഗമാകും. ദൗത്യത്തിൽ ഓരോ ഘട്ടത്തിലും നാലു വീതം പേരാണ് പങ്കെടുക്കുക. ഒരു വർഷം 1,700 ചതുരശ്ര അടിയുള്ള പ്രത്യേക ത്രീഡി പ്രിന്‍റിങ് പേടകത്തിനകത്താണ് ഇവർ താമസിക്കുക.

മാർസ് ഡ്യൂൺ ആൽഫ എന്നാണ് ഇതിനു പേരുനൽകിയിരിക്കുന്നത്. വിഭവ പരിമിതികൾ, സാധനസാമഗ്രികൾക്കു സംഭവിക്കുന്ന കേടുപാടുകൾ, ആശയവിനിമയത്തിലെ കാലതാമസം, മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങൾ അടക്കം യഥാർത്ഥ ചൊവ്വാദൗത്യത്തിനിടയിൽ നേരിടാനിടയുള്ള എല്ലാ പ്രതികൂലാവസ്ഥകളും ഇതിനകത്ത് കൃത്രിമമായി സൃഷ്ടിക്കും. ഇതിനെയെല്ലാം ബഹിരാകാശയാത്രികർ എങ്ങനെ നേരിടുമെന്നും നിരീക്ഷിക്കും.

ഉദ്യോഗാർത്ഥികൾക്കായി നാസ നിശ്ചയിച്ചിരിക്കുന്ന യോഗ്യതകൾ ഇങ്ങനെയാണ്:

*പുകവലിക്കാരാകരുത്

*30നും 55നും ഇടയിൽ പ്രായം

*ഇംഗ്ലീഷിൽ മികച്ച പരിജ്ഞാനം

*യുഎസ് പൗരനോ അമേരിക്കയിൽ താമസിക്കുന്നവരോ ആയിരിക്കണം

*എൻജിനീയറിങ്, ഗണിതം, കംപ്യൂട്ടർ സയൻസ്, ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നിവയിൽ ഏതെങ്കിലുമൊന്നിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ഇതേ മേഖലകളിൽ തന്നെ ചുരുങ്ങിയത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും വേണം. അല്ലെങ്കിൽ ചുരുങ്ങിയത് ആയിരം മണിക്കൂർ പൈലറ്റിങ് പരിചയം.

*മേൽപറഞ്ഞ വിഷയങ്ങളിലെ ഗവേഷണത്തിൽ രണ്ടു വർഷം പൂർത്തിയാക്കുകയോ മെഡിക്കൽ ബിരുദം നേടുകയോ പരീക്ഷണ പൈലറ്റ് പരിപാടിയിൽ പങ്കെടുക്കുകയോ ചെയ്തവരെയും പരിഗണിക്കും

* എൻജിനീയറിങ്, ഗണിതം, കംപ്യൂട്ടർ സയൻസ്, ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിലെ ബിരുദത്തോടൊപ്പമോ സൈനിക ഓഫീസർ പരിശീലനത്തോടൊപ്പമോ നാലു വർഷത്തെ പ്രൊഫഷനൽ പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും

Related Tags :
Similar Posts