പാകിസ്താന് ഇപ്പോഴും ഭൂമിയില്‍ തന്നെ, അയല്‍ക്കാര്‍ ചന്ദ്രനിലെത്തി; വീണ്ടും ഇന്ത്യയെ പുകഴ്ത്തി നവാസ് ശെരീഫ്
|ഇന്ന് പാകിസ്താന്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം ഇന്ത്യയോ അമേരിക്കയോ അല്ല
ലണ്ടന്‍: ഇന്ത്യ കൈവരിച്ച സാമ്പത്തിക പുരോഗതിയെയും ശാസ്ത്രീയ മുന്നേറ്റങ്ങളെയും അഭിനന്ദിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ്. പാകിസ്താന്‍ ഇപ്പോഴും ഭൂമിയില്‍ നിന്നും ഉയര്‍ന്നിട്ടില്ലെന്നും അയല്‍ക്കാര്‍ ചന്ദ്രനിലെത്തിയെന്നും ഒരു പൊതുപ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു.
''നമ്മുടെ തകര്‍ച്ചക്ക് നമ്മള്‍ തന്നെയാണ് ഉത്തരവാദികള്‍. അല്ലെങ്കില്‍ ഈ രാജ്യം മറ്റൊരു തലത്തില്‍ എത്തുമായിരുന്നു. നമ്മുടെ അയല്‍ക്കാര്‍ ചന്ദ്രനിലെത്തി. എന്നാല്‍ നമ്മളോ നിലത്തു നിന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല. ഇതിങ്ങനെ തുടരാന്‍ കഴിയില്ല'' ശെരീഫ് കൂട്ടിച്ചേര്‍ത്തു. “ഇന്ന് പാകിസ്താന്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം ഇന്ത്യയോ അമേരിക്കയോ അല്ല. വാസ്തവത്തിൽ, ഞങ്ങൾ സ്വന്തം കാലിൽ സ്വയം വെടിവച്ചു. അവർ (സൈന്യത്തെക്കുറിച്ചുള്ള ഒരു പരാമർശം) 2018 ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുകൊണ്ട് ഈ രാഷ്ട്രത്തിന്മേല്‍ ഒരു തെരഞ്ഞെടുത്ത (സര്‍ക്കാര്‍) അടിച്ചേല്‍പ്പിച്ചു, അത് ജനങ്ങളുടെ കഷ്ടപ്പാടിലേക്കും സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും നയിച്ചു,''
നേരത്തെയും നവാസ് ശെരീഫ് ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യ ചന്ദ്രനിലെത്തുകയും ജി20 ഉച്ചകോടി വിജയകരമായി സംഘടിപ്പിക്കുകയും ചെയ്യുന്നു. ആ സമയം പാകിസ്താന്‍ മറ്റ് രാജ്യങ്ങളോട് പണത്തിനായി യാചിക്കുകയുമാണെന്നാണ് ശെരീഫ് പറഞ്ഞത്. എന്തുകൊണ്ട് പാകിസ്താന് സമാനമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്തത് ആരാണ് നമ്മുടെ അപമാനകരമായ അവസ്ഥക്ക് ഉത്തരവാദിയെന്നും നവാസ് ശെരീഫ് ചോദിച്ചു.
1990ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അവര്‍ പിന്തുടര്‍ന്നു. അടല്‍ ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യയുടെ ഖജനാവില്‍ ഒരു ബില്യണ്‍ ഡോളര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അവരുടെ വിദേശ നാണ്യകരുതല്‍ 600 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും നവാസ് ശെരീഫ് പറഞ്ഞിരുന്നു.