വാലന്റൈൻസ് ഡേയ്ക്ക് ഇന്ത്യയിൽ നിന്നുള്ള റോസാപ്പൂ ഇറക്കുമതി വിലക്കി നേപ്പാൾ
|ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് നേപ്പാളിലേക്ക് ഏറ്റവും കൂടുതൽ ചുവന്ന റോസാപ്പൂക്കൾ കയറ്റുമതി ചെയ്യുന്നത്.
കാഠ്മണ്ഡു: വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള റോസാപ്പൂ ഇറക്കുമതി വിലക്കി അയൽരാജ്യമായ നേപ്പാൾ. സസ്യരോഗങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ഈ സാഹചര്യത്തിൽ റോസാപ്പൂക്കൾക്ക് ഇറക്കുമതി പെർമിറ്റ് നൽകരുതെന്ന് കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈൻ ആൻഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റർ വ്യാഴാഴ്ച അതിർത്തി ഓഫീസുകൾക്ക് നിർദേശം നൽകി.
നേപ്പാൾ, ഇന്ത്യ, ചൈന അതിർത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലേക്ക് പ്രത്യേക കാരണങ്ങളാൽ റോസാപ്പൂക്കളുടെ ഇറക്കുമതി നിരോധിച്ചതായി മൈ റിപ്പബ്ലിക്ക പത്രം റിപ്പോർട്ട് ചെയ്തു.
കിഴക്ക് കകദ്ഭിട്ടയിൽ നിന്ന് പടിഞ്ഞാറ് ഗദ്ദ ചൗക്കിയിലേക്കും വടക്ക് കസ്റ്റംസ് പോയിന്റുകളിലേക്കും റോസാപ്പൂ ഇറക്കുമതി ചെയ്യാൻ കഴിയില്ലെന്ന് നോട്ടീസിൽ പറയുന്നു. സസ്യരോഗ സാധ്യത കണക്കിലെടുത്ത് ഇറക്കുമതി തൽക്കാലം നിർത്തിവച്ചതായി പ്ലാന്റ് ക്വാറന്റൈൻ ആൻഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റർ അറിയിച്ചു.
രോഗങ്ങളും പ്രാണികളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇറക്കുമതി നിർത്തിയതെന്ന് പ്ലാന്റ് ക്വാറന്റൈൻ ആൻഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റർ ഇൻഫർമേഷൻ ഓഫീസർ മഹേഷ് ചന്ദ്ര ആചാര്യ പറഞ്ഞു.
"റോസയിലും മറ്റ് ചില സസ്യങ്ങളിലും രോഗങ്ങൾക്കുള്ള സാധ്യതയുണ്ട്. ഇത്തരം രോഗങ്ങളെക്കുറിച്ച് ശരിയായ പഠനം നടക്കാത്തതിനാൽ ഇറക്കുമതി തൽക്കാലം നിർത്തിവയ്ക്കുന്നു. സാങ്കേതിക വിഭാഗത്തിന്റെ യോഗം നടക്കാനിരിക്കുകയാണ്. അത് കഴിഞ്ഞശേഷം തുടർ നടപടികൾ സ്വീകരിക്കും"- ആചാര്യ പറഞ്ഞു.
കസ്റ്റംസ് ഡിപ്പാർട്ട്മെന്റിന്റെ കണക്ക് അനുസരിച്ച്, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 1.3 മില്യൺ മൂല്യമുള്ള 10,612 കിലോ റോസാപ്പൂവാണ് നേപ്പാൾ ഇറക്കുമതി ചെയ്തത്.
അതേസമയം, സർക്കാർ തീരുമാനം മാർക്കറ്റിൽ റോസാപ്പൂവിന് വലിയ ക്ഷാമം ഉണ്ടാവാൻ കാരണമാവുമെന്ന് നേപ്പാൾ ഫ്ലോറികൾച്ചർ അസോസിയേഷൻ പ്രോഗ്രാം കോഡിനേറ്റർ ജെ.ബി തമങ് പറഞ്ഞു.
വാലന്റൈൻസ് ഡേയ്ക്ക് ഏകദേശം മൂന്ന് ലക്ഷം റോസാപ്പൂക്കളാണ് നേപ്പാളിൽ വിറ്റുപോവുന്നതെന്നാണ് എൻ.എഫ്.എയുടെ കണക്ക്. ചുവന്ന റോസാപ്പൂക്കളുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് വരുന്നതെന്ന് വ്യാപാരികൾ പറയുന്നു.
ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് നേപ്പാളിലേക്ക് ഏറ്റവും കൂടുതൽ ചുവന്ന റോസാപ്പൂക്കൾ കയറ്റുമതി ചെയ്യുന്നത്.