പേജർ ആക്രമണത്തിന് ഉത്തരവിട്ടത് നെതന്യാഹു; ഗാലന്റും പ്രതിരോധ വകുപ്പും എതിർത്തിട്ടും വഴങ്ങിയില്ല
|ഞായറാഴ്ച നടന്ന വാരാന്ത്യ കാബിനറ്റ് യോഗത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ഇതാദ്യമായി പേജര് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്
തെൽ അവീവ്: ലബനാനിൽ 40 പേർ കൊല്ലപ്പെട്ട പേജർ ആക്രമണത്തിന് ഉത്തരവിട്ടത് താൻ തന്നെയാണെന്ന് സമ്മതിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ ഉൾപ്പെടെ എതിർപ്പുകൾ അവഗണിച്ചായിരുന്നു ഇത്. ഔദ്യോഗിക വക്താവ് ഒമെർ ദോസ്ത്രിയാണ് വാർത്താ ഏജൻസിയായ 'എഎഫ്പി'യോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
പേജർ ആക്രമണത്തിനു പിന്നിൽ ഇസ്രായേലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും സൈന്യമോ ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റിരുന്നില്ല. ഇതാദ്യമായാണ് നെതന്യാഹു തന്നെയാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന തരത്തിൽ സ്ഥിരീകരണം വരുന്നത്. ഞായറാഴ്ച നടന്ന വാരാന്ത്യ കാബിനറ്റ് യോഗത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ഇതാദ്യമായി സംഭവത്തിന്റെ ഉത്തരവാദിത്തമേൽക്കുന്നത്. പ്രതിരോധ വകുപ്പിലെ പ്രമുഖ ഉദ്യോഗസ്ഥരുടെയും അവരുടെ തലവന്മാരുടെയും എതിർപ്പുകൾ മറികടന്നാണ് പേജർ ആക്രമണവും ഹിസ്ബുല്ല തലവനായിരുന്ന ഹസൻ നസ്റുല്ലയെ ലക്ഷ്യമിട്ടുള്ള ഓപറേഷനും നടന്നെതന്നാണ് യോഗത്തിൽ നെതന്യാഹു പറഞ്ഞത്. ദിവസങ്ങൾക്കുമുൻപ് പുറത്താക്കിയ യോവ് ഗാലന്റിനെ ലക്ഷ്യമിട്ടായിരുന്നു പരാമർശം.
നേരത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച ജുഡീഷ്യൽ പരിഷ്കരണ നടപടികൾ തൊട്ടുതന്നെ നെതന്യാഹുവും ഗാലന്റും തമ്മിൽ കടുത്ത വിയോജിപ്പ് നിലനിൽക്കുന്നുണ്ട്. 2023 മാർച്ചിൽ ഗാലന്റിനെ നെതന്യാഹു പുറത്താക്കുകയും പിന്നീട് ഒരു മാസം കഴിഞ്ഞു തിരിച്ചെടുക്കുകയും ചെയ്തു. ഗസ്സയിലെയും ലബനാനിലെയും ആക്രമണവുമായി ബന്ധപ്പെട്ടും ഇരുനേതാക്കളും തമ്മിൽ പലതവണ ഏറ്റുമുട്ടിയിരുന്നു.
2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിനു പിന്നാലെ പ്രതിരോധ വകുപ്പിനും സൈന്യത്തിനുമെതിരെ നെതന്യാഹു തിരിഞ്ഞിരുന്നു. സുരക്ഷാ വിഭാഗത്തിന്റെ വീഴ്ചയാണു സംഭവത്തിനിടയാക്കിയതെന്നായിരുന്നു ആരോപണം. സംഭവത്തിൽ പബ്ലിക് കമ്മിഷനെ വച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളുകയും ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 17, 18 തിയതികളിലായിരുന്നു ലബനാന്റെ വിവിധ ഭാഗങ്ങളിൽ ഹിസ്ബുല്ല നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് പേജർ സ്ഫോടന പരമ്പര നടന്നത്. ഹിസ്ബുല്ല ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകളിലും വാക്കി ടാക്കികളിലും സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചായിരുന്നു വൻ സ്ഫോടനം നടന്നത്. സംഭവത്തിൽ 39 പേരാണു കൊല്ലപ്പെട്ടത്. 3,000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ അംഗഭംഗം ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റവരുമുണ്ട്.
ലബനാനിലെ ഇറാൻ അംബാസഡർ മുജ്തബ അമാനി ഉൾപ്പെടെ ആക്രമണത്തിനിരയായവരിലുണ്ട്. 1,500 ഹിസ്ബുല്ല പോരാളികൾക്കും പരിക്കേറ്റിട്ടുണ്ട്. സാധാരണക്കാർ ഉൾപ്പെടെ നിരവധി പേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും കൈകാലുകൾ അറ്റുപോകുകയും ചെയ്തിരുന്നു.
സംഭവത്തിനു പിന്നാലെയായിരുന്നു ഹിസ്ബുല്ല ആസ്ഥാനം ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടക്കുന്നത്. നസ്റുല്ല ഉൾപ്പെടെ പ്രമുഖ ഹിസ്ബുല്ല നേതാക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനുശേഷം കരയാക്രമണവും ആരംഭിച്ചു.
Summary: Israel PM Benjamin Netanyahu ordered the Pager attack despite objections from former Defense Minister Yoav Gallant and Defense Department officials