ഹമാസ് വ്യവസ്ഥകൾക്ക് വിധേയമായി വെടിനിർത്തൽ കരാറിന് ഒരുക്കമല്ലെന്ന് നെതന്യാഹു
| ബന്ദികളുടെ ബന്ധുക്കൾ നെതന്യാഹുവിെൻറ ഓഫീസിലേക്ക് വരുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദുബൈ: യുദ്ധം പൂർണമായും നിർത്തുക, സൈന്യം ഗസ്സ വിടുക എന്നീ ഹമാസ് നിർദേശങ്ങൾ സ്വീകാര്യമല്ലെന്ന് ലികുഡ് പാർട്ടി യോഗത്തിൽ നെതന്യാഹു വ്യക്തമാക്കി. നേരത്തെയുള്ള വെടിനിർത്തൽ കരാറിെൻറ സ്വഭാവത്തിൽ അല്ലാതെയുള്ള കരാർ അംഗീകരിക്കില്ലെന്നും നെതന്യാഹു. ഹമാസിെൻറ ഭീഷണി അമർച്ച ചെയ്യാതെ പിറകോട്ടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചു. ഇസ്രായേൽ പാർലമെൻറിൽ നെതന്യാഹുവിെൻറ ഓഫീസിലേക്ക് വരുന്നതിൽ നിന്ന് ബന്ദികളുടെ ബന്ധുക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേ സമയം ഗസ്സയിൽ നാലു മാസത്തേക്ക് വെടിനിർത്തൽ വേണമെന്ന് അമേരിക്ക നെതന്യാഹുവിനു മേൽ സമ്മർദം തുടരുന്നതായി ഇസ്രായേലി ചാനൽ 13 റിപ്പോർട്ട് ചെയ്തു.ഇന്നലെ രാത്രി ചേർന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിലും ഇക്കാര്യം ചർച്ചായി.
നാലു മാസത്തെ വെടിനിർത്തൽ നിർദേശം മധ്യസ്ഥ റോളിലുള്ള ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ മുഖേന അമേരിക്ക ഹമാസിനും കൈമാറിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഹമാസിന്റെ പ്രതികരണം ഉടനുണ്ടാകുമെന്നാണ് സൂചന. പശ്ചിമേഷ്യൻ പര്യടനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വീണ്ടും ഇന്നെത്തും. .
ഇസ്രായേൽ, ഈജിപ്ത്, ഖത്തർ, സൗദി രാജ്യങ്ങളിലെ നേതാക്കളുമായി ബ്ലിങ്കൻ ചർച്ച നടത്തും.അതേ സമയം ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്.ദൈർ അൽബലായിയിൽ ബോംബാക്രമണത്തിൽ 30 ലേറെ പേർ കൊല്ലപ്പെട്ടു.റഫയിൽ ഇസ്രയേൽ നഴ്സറി സ്കൂൾ തകർത്തു. 2 പിഞ്ചുകുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ഗസ്സക്കാർക്ക് ഭക്ഷണവുമായി പോയ യു.എൻ ട്രക്കിന് നേരെ ആക്രമണം നടന്നു. ഇസ്രായേൽ യുദ്ധക്കപ്പലിൽ നിന്നാണ് ട്രക്കിന് നേരെ വെടിവെപ്പുണ്ടായത്. ഭക്ഷ്യവസ്തുകകൾ നശിക്കുകയും വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തതായി യു.എൻ ഏജൻസി റിപ്പോർട്ട്. യുനർവക്ക് ഫണ്ട് നിഷേധിക്കുന്നതിനു പുറമെ പുതിയ ആക്രമണം കൂടിയായതോടെ ഗസ്സയിലെ ജനതയുടെ ദുരിതത്തിന് വ്യാപ്തിയേറും.
പുതുതായി 113 പേർ കൂടി കൊല്ലപ്പെട്ട ഗസ്സയിൽ മരണം 27, 478 ആയി.