ഗസ്സയിൽ താല്‍ക്കാലിക വെടിനിർത്തലിന് സന്നദ്ധമെന്ന് നെതന്യാഹു
|ചർച്ചക്കായി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രായേലിലേക്ക്
ജെറുസലേം: ലബനാന് പിന്നാലെ ഗസ്സയിലും വെടിനിർത്തലിന് സന്നദ്ധത അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദിമോചനം മുൻനിർത്തിയുള്ള താൽക്കാലിക വെടിനിർത്തൽ മത്രമാണ് ലക്ഷ്യമിടുന്നതെന്നും നെതന്യാഹു പറഞ്ഞു. ചർച്ചക്കായി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രായേലിൽ എത്തുമെന്ന് റിപ്പോർട്ട്.
ഗസ്സയിൽ ഹമാസ് ഭരണം ആവർത്തിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ യുദ്ധം തുടരുമെന്നാണ് നെതന്യാഹു പറയുന്നത്. അമേരിക്കയും യറോപ്യൻ യൂണിയനും ഉയർത്തുന്ന സമ്മർദവും ബന്ദികളുടെ ബന്ധുക്കൾ ആരംഭിച്ച പുതിയ പ്രക്ഷോഭ പരിപാടികളുമാണ് നെതന്യാഹുവിന്‍റെ പുതിയ പ്രഖ്യാപനത്തിന് പിന്നിൽ എന്നാണ് സൂചന.
വെടിനിർത്തലിനുള്ള സമഗ്ര പദ്ധതി ഈജിപ്ത് അവതരിപ്പിക്കുമെന്ന് ഹിസ്ബുല്ലയുമായി ബന്ധമുള്ള അൽ അഖ്ബാർ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇക്കാലയളവിൽ പ്രായമായവർക്കും രോഗികൾക്കും മുൻഗണന നൽകി ബന്ദികളെ ഘട്ടങ്ങളായി മോചിപ്പിക്കണം. ഇതിന് സമാന്തരമായി ദീർഘകാല ലക്ഷ്യത്തോടെയുള്ള ചർച്ചയും നടക്കുമെന്നാണ് റിപ്പോർട്ട്. ആക്രമണം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന ഹമാസിന്‍റെ പ്രഖ്യാപിത നിലപാടിനിടെ, ഇസ്രായേൽ എത്രകണ്ട് വിട്ടുവീഴ്ചക്ക് തയാറാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതിനിടെ, ലബനാനില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേല്‍ ആക്രമണം. കരാർ ലംഘിച്ച് ദക്ഷിണ ലബനാനിൽ ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ ലബനാൻ സർക്കാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രം എന്നാരോപിച്ചായിരുന്നു യുദ്ധവിമാനം ഉപയോഗിച്ചുള്ള ആക്രമണം. ഇതിനു പുറമെ ലിറ്റാനി നദിയുടെ തെക്ക് ഭാഗത്തേക്കുള്ള താമസക്കാരുടെ സഞ്ചാരം വിലക്കിയ ഇസ്രായേൽ നടപടിയും പ്രതിഷേധത്തിനിടയാക്കി. ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. 34 പേരാണ് ഇന്നലെ മത്രം കൊല്ലപ്പെട്ടത്.