യുദ്ധാനന്തരം ഗസ്സയുടെ സുരക്ഷാ ചുമതല ഇസ്രായേൽ ഏറ്റെടുക്കുമെന്ന് നെതന്യാഹു
|അമേരിക്കയുടെ ആണവ മുങ്ങിക്കപ്പൽ യു.എസ്.എസ് ഫ്ളോറിഡ ഗൾഫ് തീരത്തെത്തി.
ഗസ്സ: യുദ്ധാനന്തരം ഗസ്സയുടെ സുരക്ഷാ ചുമതല ഇസ്രായേൽ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അത് എത്ര കാലത്തേക്കാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയുടെ സുരക്ഷാ ചുമതല ഇസ്രായേലിനല്ലെങ്കിൽ പ്രതീക്ഷിക്കാനാവാത്ത വിധത്തിലുള്ള ഹമാസ് ഭീകരതയുടെ പൊട്ടിത്തെറിയുണ്ടാകുമെന്നും എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കുന്നതുവരെ വെടിനിർത്തലിന് തയ്യാറല്ലെന്ന് നെതന്യാഹു ആവർത്തിച്ചു. മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് താൽക്കാലിക വെടിനിർത്തലിന് സന്നദ്ധമാണെന്ന സൂചനയും അദ്ദേഹം നൽകി. ഗസ്സ കുട്ടികളുടെ ശവപ്പറമ്പായി മാറുമെന്നും മാനുഷിക താൽപര്യം മുൻനിർത്തി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ആശുപത്രികൾ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ വീണ്ടും രംഗത്തെത്തി. ഗസ്സയിലെ അൽ റൻതീസി ചൈൽഡ് ആശുപത്രിയിൽനിന്ന് എല്ലാവരെയും ഒഴിപ്പിക്കാൻ സൈന്യം നിർദേശിച്ചിട്ടുണ്ട്. കുട്ടികൾക്ക് മാത്രമായുള്ള വലിയ ആശുപത്രിയാണ് അൽ റൻതീസി ആശുപത്രി. ഇസ്രായേൽ ആക്രമണത്തിൽ ഏറ്റവും കൂടുതൽ പരിക്കേറ്റത് കുട്ടികൾക്കാണ്. ഗുരുതരമായി പരിക്കേറ്റ നിരവധി കുട്ടികളാണ് റൻതീസി ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരെ ഉടൻ മാറ്റണമെന്നാണ് ഇപ്പോൾ ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്.