ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവരെ ആക്രമണം തുടരും; ശത്രുക്കള്‍ കീഴടങ്ങാതെ വെടിനിര്‍ത്തലില്ലെന്ന് നെതന്യാഹു
|ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവരെ ഹിസ്ബുല്ലയെ ആക്രമിക്കുന്നത് തുടരും
ജറുസലെം: ലബനാനില്‍ 21 ദിവസം വെടിനിർത്തൽ എന്ന അമേരിക്കയുടെയും ഫ്രാൻസിന്‍റെയും നിർദേശത്തോട് തന്‍റെ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ശത്രുക്കള്‍ കീഴടങ്ങാതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് നെതന്യാഹു പറഞ്ഞു.
വെള്ളിയാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാനിരിക്കെ ന്യൂയോർക്കിൽ വന്നിറങ്ങിയപ്പോൾ തൻ്റെ സർക്കാരിൻ്റെ നയം വ്യക്തമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ''ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവരെ ഹിസ്ബുല്ലയെ ആക്രമിക്കുന്നത് തുടരും. വടക്കൻ നിവാസികൾ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങുക എന്നതാണ് അവയിൽ പ്രധാനം," നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഇസ്രായേൽ-ലബനാൻ അതിർത്തിയിൽ വർധിച്ചുവരുന്ന സംഘർഷം തടയാൻ ലക്ഷ്യമിട്ടുള്ള നിർദേശത്തോട് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് നെതന്യാഹുവിൻ്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. “ഇത് ഒരു അമേരിക്കൻ-ഫ്രഞ്ച് നിർദേശമാണ്, പ്രധാനമന്ത്രി പോലും പ്രതികരിച്ചിട്ടില്ല. പൂർണ ശക്തിയോടെ യുദ്ധം തുടരാൻ നെതന്യാഹു ഇസ്രായേലി ഡിഫൻസ് ഫോഴ്‌സിനോട് (ഐഡിഎഫ്) ഉത്തരവിട്ടിട്ടുണ്ടെന്നും'' കൂട്ടിച്ചേർത്തു. ഇസ്രയേലിൻ്റെ യുദ്ധലക്ഷ്യങ്ങൾ പൂർത്തിയാകുന്നതുവരെ ഗസ്സ ആക്രമണം തുടരുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു. ബെയ്‌റൂത്ത് ആക്രമണത്തിൽ ഹിസ്ബുല്ല ഡ്രോൺ മേധാവി മുഹമ്മദ് ഹുസൈൻ സുറൂറിനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. തെക്കന്‍ ബെയ്റൂത്തിലെ അപ്പാർട്ട്മെന്‍റില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സുറൂര്‍ കൊല്ലപ്പെട്ടത്. സുറൂറിന്‍റെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫുആദ് ശുക്കർ, ഇബ്രാഹിം ആഖിൽ, ഇബ്രാഹിം കുബൈസി എന്നീ കമാന്‍ഡര്‍മാര്‍ക്ക് പിന്നാലെയാണ് സുറൂറിനെയും ഇസ്രായേൽ കൊലപ്പെടുത്തുന്നത്.
അതേസമയം കരയാക്രമണം ആസന്നമായിരിക്കുകയാണെന്ന് ഐഡിഎഫ് മേധാവി ഹെര്‍സി ഹലേവി ഹിസ്ബുല്ലക്ക് മുന്നറിയിപ്പ് നല്‍കി. ഹിസ്ബുല്ലയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ഇസ്രായേൽ സൈന്യം തയ്യാറാണെന്ന് ഹലേവി വ്യക്തമാക്കി. "നിങ്ങൾ അവരെക്കാൾ ശക്തരും അനുഭവപരിചയമുള്ളവരുമാണ്. നിങ്ങൾ അകത്തേക്ക് കടക്കും, അവിടെയുള്ള ശത്രുക്കളെ നശിപ്പിക്കും. അവരുടെ അടിസ്ഥാന സൗകര്യങ്ങൾ തകര്‍ത്തുകളയും" അദ്ദേഹം സൈന്യത്തോട് പറഞ്ഞു. വടക്കൻ നിവാസികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരിക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ഹലേവി കൂട്ടിച്ചേര്‍ത്തു.
ഈ ആഴ്ച ആദ്യം, തെൽ അവീവിലെ മൊസാദ് ചാര ഏജന്‍സിയുടെ ആസ്ഥാനം ലക്ഷ്യമാക്കി ഹിസ്ബുല്ല ഖാദർ 1 ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടിരുന്നു.ഹിസ്ബുല്ല നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് നടന്ന പേജർ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നാണ് ഹിസ്ബുല്ല വ്യക്തമാക്കിയത്. ഇതിന് മറുപടിയായി ലബനനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണ പരമ്പര നടത്തി. ആക്രമണത്തിൽ 569 പേർ കൊല്ലപ്പെടുകയും 1,835 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു.
വടക്ക്-കിഴക്കൻ ലെബനനിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 19 സിറിയൻ അഭയാർഥികളും ഒരു ലെബനീസ് പൗരനും കൊല്ലപ്പെട്ടതായി ലബാനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മരണസംഖ്യ 700 ആയി. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതേസമയം വ്യാഴാഴ്ച ഗസ്സയിൽ ആയിരക്കണക്കിന് ഫലസ്തീൻകാർക്ക് അഭയം നൽകുന്ന സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജബാലിയ അഭയാർഥി ക്യാമ്പില്‍ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു, എന്നാൽ അവിടെ ഒളിച്ചിരിക്കുന്ന ഹമാസ് സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അവകാശപ്പെട്ടു. ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതുവരെ സൈനിക നടപടികൾ അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. എന്നാല്‍ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം തുടരുന്നിടത്തോളം കാലം അവര്‍ക്കെതിരെ പോരാടുമെന്ന് ഹിസ്ബുല്ല അറിയിച്ചു.