World
will not back down from Rafa attack says Netanyahu and US tells they will not support
World

റഫ ആക്രമണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു; പിന്തുണയ്ക്കില്ലെന്ന് യുഎസ്

Web Desk
|
1 May 2024 1:34 AM GMT

നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം കൂടുതൽ ശക്തമായി.

​ഗസ്സ: റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ കരാർ നടപ്പായാലും റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്. കെയ്റോ കേന്ദ്രീകരിച്ച് വെടിനിർത്തൽ ചർച്ച പുരോഗമിക്കവെയാണ് നെതന്യാഹുവിന്റെ പ്രകോപന പ്രഖ്യാപനം. ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായും റഫയെ ആക്രമിച്ച് ഹമാസിനെ ഉന്മൂലനം ചെയ്യാതെ പിന്മാറില്ലെന്നും നെതന്യാഹു പറഞ്ഞു.

എന്നാൽ റഫ ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഫലസ്തീൻ ജനതയോട് താൽപര്യമുണ്ടെങ്കിൽ വെടിനിർത്തലിന് തയാറാവാൻ ഈ നിർണായക ഘട്ടത്തിലെങ്കിലും ഹമാസ് തയാറാവണമെന്നും അമേരിക്ക ആവർത്തിച്ചു. അതേസമയം, നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം കൂടുതൽ ശക്തമായി.

റഫ ആക്രമണ പദ്ധതിയിൽ നിന്ന് പിൻമാറാൻ പ്രക്ഷോഭകർ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഇതിനിടെ, ഇസ്രായേലിനുള്ള സൈനിക സഹായം നിർത്തണമെന്ന് ജർമനിയോട് ഉത്തരവിടണമെന്ന നിക്കരാഗ്വയുടെ അപേക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. ഇസ്രായേലിന് ആയുധങ്ങൾ നൽകി ജർമനി വംശഹത്യയെ പിന്തുണയ്ക്കുന്നതായി നിക്കരാഗ്വ കുറ്റപ്പെടുത്തി.

അതേസമയം, ഗസ്സയിലെ സ്ഥിതിഗതികളിൽ കോടതി നടുക്കം പ്രകടിപ്പിച്ചു. തനിക്കും സൈനിക നേതൃത്വത്തിനും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള കോടതി നീക്കത്തെ നെതന്യാഹു വിമർശിച്ചു. ഇപ്പോഴും ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ആകെ മരണ സംഖ്യ 34,535 ആയി ഉയർന്നു.

Similar Posts