World
Netanyahu tells UN peacekeepers to leave southern Lebanon
World

യുഎൻ സമാധാന സേനാം​ഗങ്ങളെ തെക്കൻ ലബനാനിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ട് നെതന്യാഹു

Web Desk
|
13 Oct 2024 2:58 PM GMT

ഇസ്രായേൽ പ്രതിരോധ സേനയുടെ ആക്രമണത്തിൽ യുഎൻ സമാധാന സേനാം​ഗങ്ങൾക്ക് പരിക്കേറ്റിരുന്നു

ബെയ്റൂത്ത്: തെക്കൻ ലബനാനിലെ യുഎൻ സമാധാന സേനയോട് അതിർത്തി പ്രദേശത്തുനിന്നു ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വീഡിയോ പ്രസ്താവനയിലൂടെയാണ് നെതന്യാഹു ഇക്കാര്യം ആവശ്യപ്പട്ടത്. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ സേനയുടെ ആക്രമണത്തിൽ യുഎൻ സമാധാന സേനാം​ഗങ്ങൾക്ക് പരിക്കേറ്റിരുന്നു. എന്നാൽ ആക്രമണത്തിനിരയായെങ്കിലും ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയായ യുനിഫിൽ, അതിർത്തി പ്രദേശത്ത് നിന്ന് തങ്ങളുടെ സേനാം​ഗങ്ങളെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നെതന്യാഹു ആവശ്യവുമായി യുഎൻ മേധാവി അൻ്റോണിയോ ഗുട്ടെറസിനെ സമീപിച്ചത്.

ഇസ്രായേൽ സൈന്യം യുനിഫിലിനോട് പലതവണ പ്രദേശത്തുനിന്ന് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാബിനറ്റ് യോഗത്തിൽ നെതന്യാഹു പറഞ്ഞു. 'എന്നാൽ ഈ ആവശ്യം നിരന്തരം വിസമ്മതിച്ച അവർ ഹിസ്ബുല്ലക്ക് മനുഷ്യകവചം ഒരുക്കുകയാണ്. സൈനികരെ ഒഴിപ്പിക്കാനുള്ള നിങ്ങളുടെ വിസമ്മതം അവരെ ഹിസ്ബുല്ലയുടെ ബന്ദികളാക്കുകയാണ്. ഇത് അവരുടെയും ഇസ്രായേൽ സൈനികരുടെയും ജീവൻ അപകടത്തിലാക്കുന്നു,'- നെതന്യാഹു പറഞ്ഞു.

'യൂനിഫിൽ സൈനികർക്ക് പരിക്കേറ്റതിൽ ഞങ്ങൾ ഖേദിക്കുന്നു. പരിക്കുകളില്ലാതാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ ഇത് ഉറപ്പാക്കാനുള്ള വ്യക്തമായ മാർഗം അവരെ അപകടമേഖലയിൽ നിന്ന് പിൻവലിക്കുക എന്നതാണ്.'- നെതന്യാഹു കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളെയും വേർതിരിക്കുന്ന ബ്ലൂലൈനിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് പിന്മാറാൻ ഇസ്രായേൽ യൂനിഫിലിനോട് ആവശ്യപ്പെട്ടതായി യൂനിഫിൽ വക്താവ് ആൻഡ്രിയ ടെനെൻ്റി ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ സമാധാന സേനാംഗങ്ങൾ ഇക്കാര്യം നിരസിച്ചു. ലബനാനിലെ ഇസ്രായേലിൻ്റെ കരയാക്രമണത്തുടർന്ന് ഏറെ അപകടാവസ്ഥ നിലനിൽക്കുന്ന പ്രദേശമാണ് ബ്ലൂ ലൈൻ. ലബനാനിലെ ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണമെന്ന പേരിൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണത്തിൽ നേരത്തെ നഖൂറയിലെ യുനിഫിൽ ആസ്ഥാനത്തിനും സമീപസ്ഥാനങ്ങൾക്കും കേടുപാട് സംഭവിച്ചിരുന്നു.

1978ലാണ് യൂനിഫിൽ രൂപികരിക്കപ്പെടുന്നത്. സേനയിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 10,000-ത്തിലധികം സമാധാന സേനാംഗങ്ങളുണ്ട്. ഇൻഡോനേഷ്യ, ഇറ്റലി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സേനാം​ഗങ്ങളുള്ളത്. യൂനിഫിലിൻ്റെ 17 ശതമാനം പ്രവർത്തനങ്ങളും ലബനീസ് സായുധ സേനയുമായി സംയുക്തമായാണ് നടത്തുന്നത്.

യൂനിഫിലിൽ സേനാം​ഗങ്ങളുള്ള നാൽപ്പത് രാജ്യങ്ങൾ സമാധാന സേനയ്‌ക്കെതിരായ സമീപകാല ആക്രമണങ്ങളെ ശക്തമായി അപലപിച്ച് രം​ഗത്തെത്തിയിരുന്നു. യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷയിൽ ഇന്ത്യയും ആശങ്ക അറിയിച്ചിരുന്നു. ഇസ്രായേൽ സേനയുടെ വെടിവയ്പ്പിനു പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇസ്രായേൽ- ലബനാൻ അതിർത്തിയിലെ ബ്ലൂ ലൈനിൽ സുരക്ഷാ സ്ഥിതി മോശമാകുന്നതിൽ ആശങ്കയുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു.

Related Tags :
Similar Posts