World
Israeli tanks
World

ഗസ്സയിൽ വെടിനിർത്തൽ ചര്‍ച്ച വഴിമുട്ടി; ഫിലാഡൽഫി ഇടനാഴിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ

Web Desk
|
6 Sep 2024 2:15 AM GMT

മധ്യസ്ഥ രാജ്യങ്ങളുമായി ചേർന്ന്​ കരാർ യാഥാർഥ്യമാക്കാനുളള നീക്കം തുടരുമെന്ന്​ അമേരിക്ക അറിയിച്ചു

തെല്‍ അവിവ്: ഫിലാഡൽഫി ഇടനാഴി ഇസ്രായേൽ സൈനിക നിയന്ത്രണത്തിൽ തുടരുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പിടിവാശി വെടിനിർത്തൽ ചർച്ചക്ക്​ വീണ്ടും തിരിച്ചടിയായി. മധ്യസ്ഥ രാജ്യങ്ങളുമായി ചേർന്ന്​ കരാർ യാഥാർഥ്യമാക്കാനുളള നീക്കം തുടരുമെന്ന്​ അമേരിക്ക അറിയിച്ചു.

ഫിലാഡൽഫി ഉൾപ്പെടെ മുഴുവൻ ഗസ്സയിൽനിന്നും പിൻവാങ്ങാൻ സൈനിക നേതൃത്വം തയ്യാറാണെങ്കിലും നെതന്യാഹു വഴങ്ങിയില്ല. ഇന്നലെ രാത്രി വിളിച്ചു ചേർത്ത സുരക്ഷാ സമിതി യോഗത്തിലും നെതന്യാഹു നിലപാട്​ ആവർത്തിച്ചു. അതേസമയം ഭാഗിക പിൻമാറ്റത്തിന്​ തയാറാണെന്ന്​ നെതന്യാഹു പ്രതികരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്​തു. എത്രയും പെട്ടെന്ന്​ വെടിനിർത്തൽ നടപ്പാക്കി ബന്ദിമോചനത്തിന്​ വഴി​യൊരുക്കണമെന്ന ലക്ഷ്യത്തോടെ യു.എസ്​ പ്രസിഡന്‍റ്​ ​ഇസ്രായേലിനു മേലുള്ള സമ്മർദം തുടരുകയാണ്​. ഫിലാഡൽഫി ഇടനാഴിയിൽ ഇസ്രായേൽ സൈന്യത്തിനു പകരം സമാധാന സേനയെ നിയോഗിക്കുകയെന്ന പുതിയ നിർദേശം അമേരിക്ക മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്​. എന്നാൽ ഇസ്രായേലിന്‍റെ മാത്രമല്ല, ഒരു വിദേശ സേനയെയും ഗസ്സയിൽ ഒരിടത്തും തുടരാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ്​ ഹമാസ്​.

പൂർണമായ സൈനിക പിന്മാറ്റം കൂടാതെ ബന്ദിമോചനം സാധ്യമാകില്ലെന്നും ഹമാസ് വ്യക്തമാക്കി. ഹമാസുമായി വെടിനിർത്തൽ കരാറിലെത്തി ബന്ദിമോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്. തെൽ അവീവിലും ജറൂസലമിലും ഇന്നലെയും ആയിരങ്ങൾ തെരുവിലിറങ്ങി. ആറു ബന്ദികളുടെ മൃതദേഹം ഗസ്സയിലെ തുരങ്കത്തിൽ കണ്ടെത്തിയതോടെയാണ് രാജ്യത്ത്​ പ്രക്ഷോഭം രൂക്ഷമായത്. കൊല്ലപ്പെടുന്നതിനു മുമ്പ്​ അമേരിക്കൻ ബന്ദിയായ ഹിർസ്​ ഗോൾഡ്​ബർഗ്​ ബൊഹ്​ലൻ നൽകിയ വീഡിയോ സന്ദേശം ഹമാസ്​ പുറത്തുവിട്ടു. ബന്ദികളുടെ മോചനത്തിനായി പോരാട്ടം തുടരണമെന്ന്​ ഇസ്രായേൽ ജനതയോട്​ ആവശ്യപ്പെടുന്നതാണ്​ വീഡിയോ സന്ദേശത്തിന്‍റെ ഉള്ളടക്കം. അതിനിടെ, ഗസ്സക്കു പിന്നാലെ വെസ്റ്റ് ബാങ്കിൽ കൂട്ടക്കൊലയും അതിക്രമവും തുടരുകയാണ്​ ഇസ്രായേൽ. ജെനിൻ, തൂൽകറം ,തുബാസ് ,ഹെബ്രോൺ എന്നിവിടങ്ങളിൽ നിരവധി പേരാണ്​ കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്​.

Similar Posts