'സ്വകാര്യ വിഡിയോ ഉപയോഗിച്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ബ്ലാക്മെയിൽ ചെയ്തു'-നെതന്യാഹുവിന്റെ വിശ്വസ്തനെതിരെ അന്വേഷണം
|പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു വനിതാ ജീവനക്കാരിയും ഒരു മുതിർന്ന ഐഡിഎഫ് ഉദ്യോഗസ്ഥനും തമ്മിൽ 'അവിഹിത'ബന്ധമുണ്ടെന്ന് ആരോപിച്ചു നേരത്തെ ഇസ്രായേല് സൈനിക തലവൻ ഹെർസി ഹാലെവിക്കു പരാതി ലഭിച്ചിരുന്നു
തെൽ അവീവ്: മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ സ്വകാര്യ വിഡിയോ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്ത സംഭവത്തിൽ ബെഞ്ചമിൻ നെതന്യാഹുവിനെ ചോദ്യംചെയ്യാൻ ഇസ്രായേൽ പൊലീസ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് ഓഫ് സ്റ്റാഫ് സാച്ചി ബ്രേവ്മാനെയാണ് അന്വേഷണസംഘം ചോദ്യംചെയ്യാനായി വിളിപ്പിച്ചത്. യുദ്ധ കാബിനറ്റ് യോഗത്തിലെ മിനുട്സ് തിരുത്താൻ ആവശ്യപ്പെട്ടായിരുന്നു ബ്ലാക്മെയിലിങ്ങെന്നാണു വെളിപ്പെടുത്തൽ. നേരത്തെ, നെതന്യാഹുവിന്റെ വിശ്വസ്തനായ വക്താവ് അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയ കേസിലും നടപടി നേരിടുന്നുണ്ട്.
ഇസ്രായേൽ ടെലിവിഷനായ 'കാൻ' ആണ് സാച്ചിക്കെതിരായ വാർത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു വനിതാ ജീവനക്കാരിയും ഒരു മുതിർന്ന ഐഡിഎഫ് ഉദ്യോഗസ്ഥനും തമ്മിൽ 'അവിഹിത'ബന്ധമുണ്ടെന്ന് ആരോപിച്ചു നേരത്തെ സേനാ തലവൻ ഹെർസി ഹാലെവിക്കു പരാതി ലഭിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തിയതിന്റെ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയും ഉദ്യോഗസ്ഥനെ സാച്ചി ഭീഷണിപ്പെടുത്തിയെന്നാണു വെളിപ്പെടുത്തൽ. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഉൾപ്പെടെയുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ ഉപയോഗിച്ചായിരുന്നു ബ്ലാക്മെയിൽ ചെയ്തത്.
ഗസ്സയിലെ ആക്രമണവുമായി ബന്ധപ്പെട്ടു ചേർന്ന യുദ്ധ കാബിനറ്റ് യോഗത്തിലെ മിനുട്സ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സാച്ചി ഐഡിഎഫ് ഉദ്യോഗസ്ഥനുമേൽ സമ്മർദം ചെലുത്തിയത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു പിന്നാലെ ഗസ്സയിൽ ആരംഭിച്ച സൈനിക നടപടികളുടെ തുടക്കത്തിൽ നടന്ന യോഗത്തിലെ വിവരങ്ങൾ മാറ്റാനായിരുന്നു ആവശ്യം. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രബലനായ ഉദ്യോഗസ്ഥനാണ് സാച്ചി ബ്രേവ്മാൻ. നെതന്യാഹുവിന്റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളെന്നാണ് ഇസ്രായേൽ മാധ്യമമായ 'യെദിയോത്ത് അക്രോനോത്ത്' വിശേഷിപ്പിക്കുന്നത്.
അതേസമയം, ആരോപണങ്ങളെല്ലാം തള്ളി സാച്ചി രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ വ്യാജമാണെന്നും വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ളതുമാണെന്നായിരുന്നു പ്രതികരണം. പ്രചരിക്കുന്ന തരത്തിലുള്ള ഒരു വിഡിയോയും താൻ എവിടെനിന്നും സ്വന്തമാക്കിയിട്ടില്ലെന്നും ഒരു തരത്തിലുള്ള ബ്ലാക്മെയിലിങ്ങും നടത്തിയിട്ടില്ല. യുദ്ധത്തിനിടയിൽ തന്നെയും പ്രധാനമന്ത്രിയുടെയും ഓഫീസിനെ അപകീർത്തിപ്പെടുത്തുകയാണു വാർത്ത പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യമെന്നുമായിരുന്നു സാച്ചി ബ്രേവ്മാൻ വാദിച്ചത്. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
പുതിയ വിവാദങ്ങൾക്കു പിന്നാലെ പൊലീസിനെതിരെയും സുരക്ഷാ ഏജൻസിയായ ഷിൻ ബെത്തിനെതിരെയും കടുത്ത വിമർശനങ്ങളുയർത്തുകയാണ് ബെഞ്ചമിൻ നെതന്യാഹു ചെയ്തത്. തന്റെ സർക്കാരിനെ അട്ടിമറിക്കാനാണ് പൊലീസും ഷിൻ ബെത്തും ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. അടുത്തിടെയായി തന്റെ ഓഫീസിനെ ലക്ഷ്യംവച്ച് നിരന്തരം ആക്രമണങ്ങൾ നടക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.
നേരത്തെ, ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ചോർന്നത് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നാണെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തനും അനൗദ്യോഗിക വക്താവുമായ എലി ഫെൽഡ്സ്റ്റൈൻ ആണു വിവരങ്ങൾ ചോർത്തിയതെന്നാണു പുതിയ കണ്ടെത്തൽ. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട മൂന്നുപേരും ചോർച്ചയിൽ ഭാഗമായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
തെൽ അവീവിലെ റിഷോൺ ലെസിയോൺ മജിസ്ട്രേറ്റ് കോടതി രഹസ്യവിവരങ്ങൾ ചോർന്ന കേസിൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് നേരത്തെ തടഞ്ഞിരുന്നു. ഈ ഗാഗ് ഉത്തരവ് ദിവസങ്ങൾക്കുമുൻപ് പിൻവലിച്ചതോടെയാണു മുഖ്യപ്രതിയുടെ പേരുവിവരങ്ങൾ പുറത്തായത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ വക്താക്കളിലൊരാളാണ് എലി ഫെൽഡ്സ്റ്റൈൻ. ഇയാളാണു ദേശസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങൾ യൂറോപ്യൻ മാധ്യമങ്ങൾക്കു ചോർത്തിനൽകിയതെന്ന് കോടതി ഉത്തരവിൽ പറയുന്നു.
കേസിൽ മറ്റു മൂന്നു പ്രതികളുമുണ്ട്. ഇവരുടെ വിവരങ്ങൾ തൽക്കാലം പുറത്തുവിടുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. പ്രതിരോധ വകുപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണു മൂന്നുപേരുമെന്നാണു വിവരം. ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെത്തും ഐഡിഎഫും ഉയർത്തിയ സംശയങ്ങൾക്കു പിന്നാലെയാണു സംഭവത്തിൽ അന്വേഷണം ആരംഭിച്ചതെന്ന് കോടതി പറഞ്ഞു. ഐഡിഎഫിൽനിന്നു രഹസ്യവിവരങ്ങൾ കൈപ്പറ്റിയ ശേഷം ചോർത്തിനൽകുകയാണ് ഇവർ ചെയ്തത്. ദേശീയസുരക്ഷയ്ക്ക് ഗുരുതരമായ പരിക്കുണ്ടാക്കുമെന്ന ആശങ്കകൾ ഇതിനു പിന്നാലെ ഉയർന്നിട്ടുണ്ട്. ഗസ്സയിലുള്ള ബന്ദികളെ മോചിപ്പിക്കുക എന്ന പ്രതിരോധസേനയുടെ ലക്ഷ്യം കൈവരിക്കുന്നതിനും ഇതു തിരിച്ചടിയാകുമെന്നും ഇസ്രായേൽ കോടതി ചൂണ്ടിക്കാട്ടി.
Summary: Benjamin Netanyahu’s chief of staff Tzachi Braverman to be questioned in blackmail case