World
കോവിഡിന്‍റെ പുതിയ വകഭേദം സി.1.2 വ്യാപന ശേഷി കൂടിയത്; വാക്സിനെ അതിജീവിക്കുമെന്നും പഠനം
World

കോവിഡിന്‍റെ പുതിയ വകഭേദം സി.1.2 വ്യാപന ശേഷി കൂടിയത്; വാക്സിനെ അതിജീവിക്കുമെന്നും പഠനം

Web Desk
|
30 Aug 2021 1:53 PM GMT

ഈ വര്‍ഷം മെയിലാണ് കോവിഡിന്റെ സി.1.2 വകഭേദം ആദ്യമായി കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ, കോവിഡിന്‍റെ പുതിയ വകഭേദം സി.1.2 വ്യാപന ശേഷി കൂടിയതാണെന്ന് പഠനം. വാക്സിനെ അതിജീവിക്കാനുള്ള കഴിവും ഈ വകഭേദത്തിനുണ്ടെന്നാണ് കണ്ടെത്തല്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി), ക്വാസുലു നെറ്റാല്‍ റിസര്‍ച്ച് ഇന്നോവേഷന്‍, ദക്ഷിണാഫ്രിക്കയിലെ സ്വീക്വന്‍സിങ് പ്ലാറ്റ്‌ഫോം എന്നിവടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

സി.1 വകഭേദത്തില്‍ നിന്ന് പരിണമിച്ചുണ്ടായ സി.1.2ന് ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. സി.1.2 വംശത്തിന് പ്രതിവര്‍ഷം 41.8 മ്യൂട്ടേഷന്‍ നിരക്കുണ്ട്. മറ്റ് വകഭേദങ്ങളുടെ നിലവിലെ ആഗോള മ്യൂട്ടേഷന്‍ നിരക്കിനേക്കാള്‍ ഇരട്ടി വേഗതയുള്ളതാണ് ഇതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സ്‌പൈക്ക് പ്രോട്ടീനില്‍ വളരെയധികം പരിവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍, ഈ വകഭേദം രോഗപ്രതിരോധത്തില്‍ നിന്ന് ഒഴിഞ്ഞുമാറുമെന്നും ലോകമെമ്പാടുമുള്ള വാക്‌സിനേഷന്‍ പ്രക്രിയയ്ക്ക് വെല്ലുവിളിയാണെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ വൈറോളജിസ്റ്റ് ഉപാസന റായ് പറഞ്ഞു. അതിനാൽ, ഉചിതമായ കോവിഡ് നിയന്ത്രണ നടപടികൾ പിന്തുടർന്ന് വ്യാപനം കർശനമായി കുറയ്ക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

ഈ വര്‍ഷം മെയിലാണ് കോവിഡിന്റെ സി.1.2 വകഭേദം ആദ്യമായി കണ്ടെത്തിയത്. ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഈ വകഭേദത്തിന്റെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Similar Posts