പുതുവർഷത്തെ വരവേറ്റ് ലോകം; 2022 ആദ്യമെത്തിയത് ന്യൂസിലാന്റില്‍
|ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളിലും നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷങ്ങൾ
പുത്തൻ പ്രതീക്ഷകളോടെ ലോകം പുതുവർഷത്തെ വരവേറ്റു.ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളിലും നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷങ്ങൾ. ന്യൂസിലാന്റാണ് പുതുവർത്തെ ആദ്യമായി വരവേറ്റത്.
കൂടിച്ചേരലുകൾക്കും ആഘോഷങ്ങൾക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവർഷത്തെ വരവേറ്റത്. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ലോകത്ത് പല നഗരങ്ങളിലും ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു.പസഫിക്കിലെ കൊച്ചു ദ്വീപായ ടോങ്കയിലാണ് പുതുവർഷം ആദ്യമെത്തിയത്. ന്യൂസിലാൻഡിലെ പ്രധാന നഗരമായ ഓകലാൻഡിൽ വെടിക്കെട്ടോടെയാണ് പുതുവർഷത്തെ വരവേറ്റത്.
ഓസ്ട്രേലിയയും പുതുവർഷത്തെ വരവേറ്റു. സിഡ്നിയിലും ഒപ്പേറ ഹൗസിലും ഹാർബർ ബ്രിഡ്ജിലും വെടിക്കെട്ടോടെയും വിവിധ പരിപാടികളോടെയുമാണ് പുതു വർഷത്തെ വരവേറ്റത്. ജപ്പാനിലെ ടോക്യോ ദക്ഷിണാഫ്രിക്കയിലെ സോൾ എന്നവിടങ്ങളിലും പുതുവത്സരാഘോഷ പരിപാടികൾ നടന്നു. ലണ്ടനിൽ ഈ തവണ വലിയ ആഘോഷങ്ങളില്ല. വെടിക്കെട്ട് പോലുള്ള ചടങ്ങുകൾ ഒഴിവാക്കിയാണ് ആഘോഷം.വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയുടെ പുതുവത്സരാഘോഷം. ചൈന ഫിലിപ്പീൻസ്, സിംഗപ്പൂര്‍, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളും വിപുലമായ പരിപാടികളോടെ പുതു വർഷത്തെ വരവേറ്റു.
അമേരിക്കയിലെ മനുഷ്യവാസമില്ലാത്ത ബേക്കർ ദ്വീപ്, ഹൗലാന്റ് ദ്വീപ് എന്നിവടങ്ങളിലാണ് ഏറ്റവും അവസാനം പുതുവർഷം എത്തുക. ഇന്ത്യൻ സമയം വൈകുന്നേരം 5.30 നാണ് ഇവിടെ പുതുവർഷം. ഇനിയും തീരാത്ത വൈറസ് വ്യാപനത്തിന്റെ ആശങ്കയിലാണെങ്കിലും പുതുവത്സരത്തിൽ വെളിച്ചം നിറയുമെന്ന പ്രതീക്ഷയിലാണ് ലോകം.