World
ന്യൂയോര്‍ക്ക് ടൈംസില്‍ തൊഴിലാളി സമരം; 24 മണിക്കൂര്‍ പണിമുടക്കും
World

ന്യൂയോര്‍ക്ക് ടൈംസില്‍ തൊഴിലാളി സമരം; 24 മണിക്കൂര്‍ പണിമുടക്കും

Web Desk
|
8 Dec 2022 11:36 AM GMT

നാല്‍പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇവിടെ സമരം നടക്കുന്നത്

ലോകപ്രശസ്ത മാധ്യമ സ്ഥാപനമായ ന്യൂയോര്‍ക്ക് ടൈംസില്‍ മാധ്യമപ്രവര്‍ത്തകരുടെ തൊഴിലാളി സമരം. വേതന വര്‍ധനവും കരാര്‍ പുതുക്കുന്നതുമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇരുപത്തിനാല് മണിക്കൂര്‍ നേരത്തേക്ക് ന്യൂസ് റൂമില്‍ പ്രവേശിക്കാതെയുള്ള പണിമുടക്ക് നടക്കുന്നത്. നാല്‍പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇവിടെ സമരം നടക്കുന്നത്.

യു.എസിലെ തൊഴില്‍ രംഗത്തെ അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലാണ് ന്യൂയോര്‍ക്ക് ടൈംസ് മാധ്യമ പ്രവര്‍ത്തകരുടെ സമരമെന്നതും ശ്രദ്ധേയമാണ്. ജീവിത ചെലവ് ഉയര്‍ന്നതിനാല്‍ വേതന വര്‍ധന നടപ്പിലാക്കണമെന്നാണ് യു.എസ് മാധ്യമ പ്രവര്‍ത്തകരുടെ തൊഴിലാളി സംഘടനയായ ന്യൂസ് ഗില്‍ഡ് ഓഫ് ന്യൂയോര്‍ക്ക് അംഗങ്ങള്‍ പറയുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ കമ്പനിക്ക് താങ്ങാന്‍ പറ്റുന്നതേയുള്ളൂവെന്ന് അംഗങ്ങള്‍ പറഞ്ഞു.

1100 തൊഴിലാളികളാണ് ഇന്നത്തെ സമരത്തില്‍ പങ്കെടുക്കുന്നത്. പ്രശസ്ത സിനിമാ നിരൂപകനായ എ.ഒ സ്കോട്ട് അടക്കമുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകരും സമരത്തില്‍ അണിനിരക്കും. എന്നാല്‍ ഇന്നത്തെ സമരം പത്രത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ ആരും തന്നെ സമരത്തിന്‍റെ ഭാഗമല്ലാത്തതിനാല്‍ തന്നെ ലോകകപ്പ് റിപ്പോര്‍ട്ടുകള്‍ അടക്കമുള്ളവ മുടക്കമില്ലാതെ തന്നെ പുറത്തുവരും. 2021 അവസാനത്തില്‍ 5000 പുതിയ ആളുകളെയാണ് ന്യൂയോര്‍ക്ക് ടൈംസ് ജോലിക്കെടുത്തത്. ഇതില്‍ 2000 പേരും മാധ്യമ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

അതെ സമയം മാധ്യമപ്രവര്‍ത്തകരുടെ സമര തീരുമാനത്തില്‍ നിരാശയുണ്ടെന്നും എന്നാല്‍ വായനക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ വാര്‍ത്തകള്‍ ലഭ്യമാകുമെന്നും ന്യൂയോര്‍ക്ക് ടൈംസ് കമ്പനി അറിയിച്ചു.

Similar Posts