'ഉയർന്ന ജിവിതച്ചെലവും തൊഴിലില്ലായ്മയും'; രാജ്യം വിട്ട് ന്യൂസിലൻഡുകാർ
|പുറത്തുവന്ന കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ രാജ്യം വിട്ടത് 1,31,200 പേർ
വെല്ലിംഗ്ടൺ: റെക്കോർഡ് സംഖ്യയിൽ രാജ്യം വിട്ട് ന്യൂസിലൻഡുകാർ. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ നിരക്കിലെ വർധനവ്, ഉയർന്ന നിലയിൽ തുടരുന്ന പലിശനിരക്ക്, കുറഞ്ഞ നിരക്കിലുള്ള സാമ്പത്തിക വളർച്ച എന്നിവയാണ് ജനങ്ങൾ രാജ്യം വിടാൻ കാരണം. ഈ വർഷം ജൂൺ വരെ 1,31,200 പേർ ന്യൂസിലാൻഡിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോയതായി ചൊവ്വാഴ്ച സ്റ്റാറ്റിസ്റ്റിക്സ് ന്യൂസിലൻഡ് പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതിൽ മൂന്നിലൊരു ഭാഗം ജനങ്ങൾ ആസ്ത്രേലിയയിലേക്കാണ് പോയത്.
നിലവിൽ രാജ്യത്തെ നെറ്റ് മൈഗ്രേഷൻ നിരക്ക് ഉയർന്ന നിലയിലാണുള്ളത്. എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ കാരണം ന്യൂസിലൻഡിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം കുറഞ്ഞേക്കാമെന്ന് സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നു. കൊറോണ വൈറസിന് മുമ്പ് രാജ്യം വിട്ടവരേക്കാൾ ഇരട്ടിയാണ് നിലവിലെ കണക്കുകൾ.
കൊറോണവൈറസിന്റെ സമയത്ത്, വിദേശത്ത് താമസിക്കുന്ന നിരവധി ന്യൂസിലൻഡുകാർ വളരെ ഉയർന്ന നിരക്കിൽ രാജ്യത്തേക്ക് മടങ്ങിയെത്തിയിരുന്നു. പകർച്ചവ്യാധിയെ സർക്കാർ കൈകാര്യം ചെയ്ത രീതിയാണ് ആളുകളെ വലിയരീതിയിൽ തിരിച്ചുവരാൻ പ്രേരിപ്പിച്ചത്.
എന്നാൽ 53 ലക്ഷം ജനസംഖ്യയുള്ള രാജ്യവുമായുള്ള പ്രണയം ചിലർക്ക് അവസാനിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജീവിതച്ചെലവ്, ഉയർന്ന പലിശനിരക്ക്, കുറഞ്ഞ തൊഴിലവസരങ്ങൾ എന്നിവയിൽ നിരാശരായ ന്യൂസിലൻഡുകാർ മറ്റ് രാജ്യങ്ങൾ തേടിപോകുകയാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ആസ്ത്രേലിയ യു.കെ തുടങ്ങിയ രാജ്യങ്ങളാണ് ആളുകൾ കൂടുതലായും ലക്ഷ്യം വെക്കുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നു.
People are leaving #NewZealand in record numbers as unemployment rises, interest rates remain high, and economic growth is anemic, government statistics show.https://t.co/FaW179RMuW
— The Hindu (@the_hindu) August 13, 2024
സെൻട്രൽ ബാങ്ക് ക്യാഷ് നിരക്കുകൾ വർധിപ്പിച്ചതോടെ ന്യൂസിലൻഡിൻ്റെ സമ്പദ്‌വ്യവസ്ഥ ബുദ്ധിമുട്ടുകയാണ്. ആദ്യ പാദത്തിൽ ന്യൂസീലൻഡ് സമ്പദ്‌വ്യവസ്ഥയുടെ വാർഷിക വളർച്ച 0.2 ശതമാനം മാത്രമാണ്. തൊഴിലില്ലായ്മ രണ്ടാം പാദത്തിൽ 4.7 ശതമാനമായും പണപ്പെരുപ്പം 3.3 ശതമാനമായും ഉയർന്നു.
അതേസമയം, നഴ്സിങ്, ടീച്ചിങ് തുടങ്ങി നിരവധി മേഖലകളിൽ വൻ ജോലി സാധ്യതകൾ ആസ്ത്രേലിയ ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യാൻ വിസ ആവശ്യമില്ലാത്ത ന്യൂസിലൻഡുകാരെ ഈ സാധ്യതകൾ വലിയ രീതിയിൽ ആകർഷിക്കുന്നു. ഇതോടൊപ്പം ന്യൂസിലൻഡ് സർക്കാർ രാജ്യത്തെ പൊതുസേവനങ്ങളിൽ കാര്യമായ കുറവുകൾ വരുത്തിയത് നിരവധി ജനങ്ങളെ മറ്റ് ജോലികൾ തേടാൻ നിർബന്ധിരാക്കി.