പശുമൂത്രത്തിനും അധോവായുവിനും നികുതി; ന്യൂസിലാൻഡിൽ പുതിയ കാലാവസ്ഥാ നയം
|6.2 മില്യൺ പശുക്കൾ പുറന്തള്ളുന്ന ഹരിതഗൃഹ വാതകമാണ് ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നം. രാജ്യത്ത് ജനങ്ങളുടെ രണ്ടു മടങ്ങ് പശുക്കളുണ്ടെന്നാണ് കണക്ക്
പശുവിന്റെ മൂത്രത്തിനും അധോവായുവിനും നികുതിയേർപ്പെടുത്തുന്നതടക്കമുള്ള പരിഷ്‌കാരങ്ങളുമായി ന്യൂസിലാൻഡിൽ പുതിയ കാലാവസ്ഥാ നയം. ലോകത്താദ്യമായാണ് ഇത്തരം നയം നടപ്പാക്കാനൊരുങ്ങുന്നത്. കാർഷിക രംഗത്ത് നിന്നുള്ള ഹരിതഗൃഹ വാതക പുറന്തള്ളൽ ചെറുക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. കന്നുകാലികളിലൂടെയുള്ള ഹരിതഗൃഹ വാതക പുറംതള്ളലിന്റെ പേരിൽ കർഷകരിൽനിന്ന് നികുതി ഈടാക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതാണ് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നത്.
6.2 മില്യൺ പശുക്കൾ പുറന്തള്ളുന്ന ഹരിതഗൃഹ വാതകമാണ് ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നം. രാജ്യത്ത് ജനങ്ങളുടെ രണ്ടു മടങ്ങ് പശുക്കളുണ്ടെന്നാണ് കണക്ക്. ഹരിതഗൃഹ വാതകത്തിന്റെ പകുതിയും അവ പുറന്തള്ളുന്നതാണ്. ഒരു പശു വർഷത്തിൽ 220 പൗണ്ട് മീഥൈയ്‌നാണ് പുറത്തുവിടുന്നത്.
പുതിയ പദ്ധതി പ്രകാരം മൃഗങ്ങൾ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ പേരിൽ കർഷകർ നികുതിയടക്കേണ്ടി വരും. കന്നുകാലി മൂത്രത്തിലൂടെ നൈട്രസ് ഓക്സൈഡും പശുവിന്റെ അധോവായുവിലൂടെ മീഥെയ്ൻ വാതകവുമാണ് പുറന്തള്ളപ്പെടുന്നത്. തങ്ങൾ വിൽക്കുന്ന പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾക്ക് കൂടുതൽ തുക ഈടാക്കി ചെലവ് തിരിച്ചുപിടിക്കാനാണ് കർഷകരോട് ജസീന്ത ആർഡൻ പറയുന്നത്.
നിർദിഷ്ട പദ്ധതി പ്രകാരം 2025ഓടെ നിർണിത കണക്ക് കന്നുകാലികളും വള ഉപയോഗവുമുള്ള കർഷകർ ഗവൺമെൻറിന് ലെവി നൽകേണ്ടി വരും. കാലാവസ്ഥാ വ്യതിയാന കമ്മീഷന്റെയും കർഷകരുടെയും നിർദേശപ്രകാരം എല്ലാ ഒന്നു മുതൽ മൂന്നു വർഷത്തിലായാണ് നികുതി സംഖ്യ നിശ്ചയിക്കുകയെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ലെവി വഴി കിട്ടുന്ന മുഴുവൻ തുകയും പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യക്കായുള്ള കർഷക സബ്‌സിഡി, പുതിയ സാങ്കേതിക വിദ്യ, ഗവേഷണം എന്നിവക്കാണ് ചെലവിടുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
New Zealand's new climate policy with reforms including tax on cow urine, burps and farts