കടലിൽ തകർന്നുവീണ് 'പറക്കുംതളിക'; ആകാശത്തെ അജ്ഞാതപേടകത്തെ അമേരിക്ക നേരിൽ കണ്ടോ? വൈറലായി പെന്റഗൺ വിഡിയോ
|ആകാശത്തുനിന്ന് തകർന്നുവീണ് കടലിൽ അപ്രത്യക്ഷമാകുന്ന അജ്ഞാതപേടകത്തിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. അമേരിക്കൻ നാവികസേനാ വിമാനമാണ് കാലിഫോർണിയയ്ക്കു സമീപം സമുദ്രത്തിൽ വച്ച് ഈ ദൃശ്യങ്ങൾ പകർത്തിയത്
പറക്കുംതളികയെക്കുറിച്ച് കേട്ടവരായിരിക്കും എല്ലാവരും. എന്നാൽ, ആരെങ്കിലും ഇതുവരെ അങ്ങനെയൊരു വസ്തു കണ്ടിട്ടുണ്ടോ!? ആകാശത്തിലൂടെ അതിവേഗത്തിൽ പറന്നുപോകുന്ന ഈ അജ്ഞാതവസ്തുവിനെപ്പറ്റി ശാസ്ത്രലോകത്തിനും ഇനിയും കൃത്യമായ വിശദീകരണം നൽകാനായിട്ടില്ല. എന്നാൽ, അമേരിക്കൻ സൈന്യം ഏതാനും വർഷങ്ങൾക്കുമുൻപ് പറക്കുംതളിക നേരിൽ കണ്ടിട്ടുണ്ടെന്നാണു പുതിയ വെളിപ്പെടുത്തൽ. ഇക്കാര്യം സൂചിപ്പിക്കുന്ന വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് വിഡിയോ പുറത്തായത്. ആകാശത്തുനിന്ന് തകർന്നുവീണ് കടലിൽ അപ്രത്യക്ഷമാകുന്ന അജ്ഞാതപേടകത്തിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. അമേരിക്കൻ നാവികസേനാ വിമാനമാണ് കാലിഫോർണിയയ്ക്കു സമീപം സമുദ്രത്തിൽ വച്ച് ഈ ദൃശ്യങ്ങൾ പകർത്തിയത്. യുഎസ്എസ് ഒമഹ യുദ്ധക്കപ്പലിലെ കോംപാറ്റ് ഇൻഫർമേഷൻ സെന്ററിൽ സൂക്ഷിച്ചുവച്ച വിഡിയോയാണ് ഇപ്പോൾ യുഎസ് പ്രതിരോധ വിഭാഗത്തില്‍നിന്ന് ചോര്‍ന്നിരിക്കുന്നത്.
WATCH: Newly leaked video shows UFO crashing into ocean near California https://t.co/VWcyrOex59 pic.twitter.com/p0Gp38YeLX
— azfamily 3TV CBS 5 (@azfamily) May 20, 2021
അജ്ഞാതവസ്തു തകർന്നുവീഴുന്നതു കണ്ട് കപ്പലിലുള്ള സൈനികർ ഒച്ചവയ്ക്കുന്നതും വീഡിയോയിൽ കേൾക്കാനാകുന്നുണ്ട്. വിഡിയോ പരിശോധിച്ചുവരികയാണെന്നും പെന്റഗണിന്റെ അൺഐഡന്റിഫൈഡ് ഏര്യൽ ഫിനോമിന ടാസ്‌ക് ഫോഴ്‌സ് വിശദമായി വിലയിരുത്തുമെന്നും യുഎസ് പ്രതിരോധ വിഭാഗം അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ആകാശത്തെ അപരിചിത പ്രതിഭാസങ്ങൾ പഠിക്കാനായി അമേരിക്ക ദൗത്യസേന ആരംഭിച്ചത്. ദൗത്യസേനയുടെ കണ്ടെത്തൽ ഉടൻ തന്നെ യുഎസ് കോൺഗ്രസിൽ വെളിപ്പെടുത്തുമെന്നും പെന്റഗൺ അറിയിച്ചിട്ടുണ്ട്.
അൺഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജക്ട്‌സ്(യുഎഫ്ഒ) എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന ഈ പ്രത്യേക പ്രതിഭാസത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ ഇതുവരെ ശാസ്ത്രത്തിനുമായിട്ടില്ല. അന്യഗ്രഹങ്ങളിൽനിന്ന് ഭൂമി സന്ദർശിക്കാനെത്തുന്ന വിചിത്രജീവികളുടെ വാഹനങ്ങളാണ് ഇതെന്നാണ് പൊതുവിൽ നിലനിൽക്കുന്ന സങ്കൽപം.