ട്രംപ് പങ്കെടുക്കുന്ന തോക്ക് അനൂകൂലികളുടെ സമ്മേളനത്തിൽ തോക്ക് അനുവദിക്കില്ലെന്ന് വാർത്ത
|ഈ ആഴ്ചയുടെ തുടക്കത്തിൽ ടെക്‌സാസിലെ എലമെൻററി സ്‌കൂളിൽ നടന്ന കൂട്ട വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നത്
ന്യൂയോർക്ക്: മുൻ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന തോക്ക് അനൂകൂലികളുടെ സമ്മേളനത്തിൽ തോക്ക് അനുവദിക്കില്ലെന്ന് വാർത്ത. നാളെ നടക്കുന്ന നാഷണൽ റൈഫിൾ അസോസിയേഷന്റെ വാർഷിക ലീഡർഷിപ്പ് ഫോറത്തിലാണ് തോക്ക് അനുവദിക്കാതിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ ഗൺ ലോബിയുടെ സമ്മേളനത്തിൽ ട്രംപ് സംസാരിക്കുന്നുണ്ട്. ഈ ആഴ്ചയുടെ തുടക്കത്തിൽ ടെക്‌സാസിലെ എലമെൻററി സ്‌കൂളിൽ നടന്ന കൂട്ട വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നത്. ടെക്‌സാസ് വെടിവെപ്പിൽ 19 വിദ്യാർഥികളും രണ്ടു അധ്യാപകരുമടക്കം 21 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
നാഷണൽ റൈഫിൾ അസോസിയേഷൻ (എൻ.ആർ.എ) വർഷങ്ങളായി തോക്ക് നിയന്ത്രണ നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ്. ആയുധം കൊണ്ടുനടക്കാനുള്ള സ്വാതന്ത്രം അമേരിക്കൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ഈ വിഷയത്തിൽ പലതരം അഭിപ്രായങ്ങളാണുള്ളത്. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിൽ പലരും തോക്ക് നിയന്ത്രണത്തിന് എതിരാണ്.
ട്രംപ് പ്രസംഗിക്കുന്ന പരിപാടിയുടെ നിയന്ത്രണം യു.എസ് സീക്രട്ട് ഏജൻസി ഏറ്റെടുത്തിരിക്കുകയാണെന്നാണ് എൻപിആർ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇവരാണ് തോക്ക്, ഇതര വെടിവെപ്പ് ഉപകരണങ്ങൾ, കത്തി എന്നിവ തടയുന്നതെന്നും അവർ അറിയിച്ചു. വെടിമരുന്ന്, ലേസർ പോയിന്ററുകൾ, കുരുമുളക് സ്‌പ്രേ, കളിത്തോക്കുകൾ, ബാക്ക്പാക്കുകൾ, മറ്റ് വസ്തുക്കൾ എന്നിവയും അവർ അനുവദിക്കില്ലെന്നും പറയുന്നു. തോക്ക് അനുവദിക്കുന്ന ഓപൺ ക്യാരി സ്‌റ്റേറ്റുകളിൽ നിന്നെത്തുന്നവർക്കടക്കം സീക്രട്ട് ഏജൻസിയുടെ തോക്കു നിരോധനം ബാധകമാണെന്നും എൻപിആർ വാർത്ത പറയുന്നു.
വെയ്ൻ ലാ പെർറിയാണ് നാഷണൽ റൈഫിൾ അസോസിയേഷന്റെ തലവൻ. മൂന്നു പതിറ്റാണ്ടായി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സ്ഥാനം വഹിക്കുന്ന ഇദ്ദേഹം വാഷിങ്ഡണിലെ ഒന്നാംകിട പവർ ബ്രോക്കറായിരിക്കുകയുമാണ്. 2016ലെ തെരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി ഇറങ്ങിയവരിൽ പ്രധാനിയായിരുന്നു വെയ്ൻ. ട്രംപിന്റെ മക്കളായ എറികും ഡൊണാൾഡ് ജൂനിയറും എൻ.ആർ.എ അംഗങ്ങളും പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുന്നവരുമാണ്.
ടെക്സാസിലെ ഉവാൾഡ പട്ടണത്തിലാണ് 18കാരൻ 21 പേരെ വെടിവെച്ചു കൊന്നിരുന്നത്. കൊലയാളി സാൽവദോർ റമോസിനെ പൊലീസ് വെടിവെച്ചു കൊന്നു. രണ്ട്,മൂന്ന്,നാല് സ്കൂളുകളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. കയ്യിൽ രണ്ട് തോക്കുമായി സ്കൂളിൽ ഓടിക്കയറി വെടിവെക്കുകയായിരുന്നു.അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. കൊലപാതകി സ്കൂളിലെത്തിയത് മുത്തശ്ശിയെ വെടിവെച്ചുകൊന്ന ശേഷമാണെന്നും സൂചനകളുണ്ട്.
ചൊവ്വാഴ്ച പ്രാദേശിക സമയം 11.32ഓടെയാണ് സംഭവം. ഉവാൾഡിലുള്ള റോബ് എലിമെന്‍ററി സ്കൂളിനു സമീപം വാഹനം ഇടിച്ചുനിര്‍ത്തിയ ശേഷം അക്രമി സ്കൂള്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സ്കൂളില്‍ കടന്നയുടന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കണ്ണില്‍ പെട്ടവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ടെക്സസ് സുരക്ഷാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. "അവൻ എല്ലാവരെയും വെടിവയ്ക്കുകയായിരുന്നു," ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു. ബുള്ളറ്റ് പ്രൂഫ് വസ്ത്രം പോലെയുള്ള ജാക്കറ്റ് ധരിച്ച അക്രമി പൊലീസുകാരെ വെടിവയ്ക്കുകയും ഒന്നിലധികം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒടുവില്‍ സംഭവസ്ഥലത്തു വച്ചു തന്നെ പ്രതിയെ കൊലപ്പെടുത്തുകയായിരുന്നു. സാൽവഡോർ റാമോസ് എന്നയാളാണ് അക്രമിയെന്ന് ടെക്സാസ് ഗവര്‍ണര്‍ ഗ്രഗ് അബോട്ട് പറഞ്ഞു.
''ഞാൻ പ്രസിഡന്‍റായപ്പോൾ ഇത് ചെയ്യേണ്ടതില്ലെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..എന്നാല്‍ വീണ്ടും മറ്റൊരു കൂട്ടക്കൊല. നിഷ്ക്കളങ്കരായ കുട്ടികളാണ് മരിച്ചത്. കൊച്ചുകൂട്ടുകാര്‍ കൊല്ലപ്പെടുന്നതിന് സാക്ഷ്യം വഹിച്ചവര്‍. ഒരു യുദ്ധക്കളത്തിലെന്ന പോലെയുള്ള കാഴ്ചകള്‍'' പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. 13 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും രണ്ട് പേർ മരിച്ചതായും ഉവാൾഡെ മെമ്മോറിയൽ ഹോസ്പിറ്റൽ നേരത്തെ അറിയിച്ചിരുന്നു.
News that guns will not be allowed at a pro-gun conference attended by Trump