World
Nikki Haley writes Finish Them on Israeli artillery shell
World

'അവരെ തീർത്തേക്ക്'; ഇസ്രായേൽ മിസൈലിൽ എഴുതി ഒപ്പുവച്ച് നിക്കി ഹാലെ

Web Desk
|
30 May 2024 11:00 AM GMT

കഴിഞ്ഞ തവണ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനിയായിരുന്നു നിക്കി ഹാലെ.

വാഷിങ്ടൺ: ഇസ്രായേൽ മിസൈലിൽ 'അവരെ തീർത്തേക്ക്' എന്നെഴുതി ഒപ്പുവച്ച നിക്കി ഹാലെ വിവാദത്തിൽ. കഴിഞ്ഞ തവണ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനിയായിരുന്നു നിക്കി ഹാലെ. ''അവരെ തീർത്തേക്ക്, അമേരിക്ക എപ്പോഴും ഇസ്രായേലിനെ സ്‌നേഹിക്കുന്നു'' എന്നാണ് നിക്കി എഴുതിയത്.

റഫയിലെ അഭയാർഥി ടെന്റുകൾ അടക്കം ആക്രമിച്ച് ഇസ്രായേൽ ക്രൂരമായ വംശഹത്യ നടത്തുന്നതിനിടെ അതിന് അംഗീകാരം കൊടുക്കുന്ന എഴുത്തിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. ഇസ്രായേൽ-ലെബനൻ വടക്കൻ അതിർത്തി സന്ദർശനത്തിനിടെയാണ് നിക്കി ഹാലെ ഇസ്രായേൽ ആയുധത്തിൽ പ്രകോപനപരമായി എഴുതിയത്.

സോഷ്യൽ മീഡിയയിൽ നിക്കി ഹാലെക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഫലസ്തീനികളെ വംശഹത്യ നടത്താൻ ആഹ്വാനം ചെയ്യുന്നതാണ് നിക്കി ഹാലെയുടെ എഴുത്ത് എന്നാണ് വിമർശനം. ഐക്യരാഷ്ട്രസഭയിലെ മുൻ ഇസ്രായേലി അംബാസഡർ ഡാനി ഡാനനൊപ്പമാണ് നിക്കി മേഖലയിൽ സന്ദർശനം നടത്തിയത്.

എട്ട് മാസത്തോളമായി ഗസ്സയിൽ ക്രൂരമായ ആക്രമണം തുടരുന്ന ഇസ്രായേൽ ഒടുവിൽ സുരക്ഷിത മേഖലയെന്ന് അവർ തന്നെ പറഞ്ഞ റഫയിലും ആക്രമണം നടത്തുകയാണ്. ഞായറാഴ്ച റഫയിലെ ടെന്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 45 പേർ കൊല്ലപ്പെട്ടിരുന്നു. റഫയിൽ ആക്രമണം നടത്തരുതെന്ന അന്താരാഷട്ര നീതിന്യായ കോടതിയുടെ നിർദേശം തള്ളിയാണ് ഇസ്രായേൽ വംശഹത്യ തുടരുന്നത്.

Similar Posts