World
റഷ്യൻ ഷെല്ലാക്രമണം; യുക്രൈനിൽ ഒമ്പത്‌പേർ കൊല്ലപ്പെട്ടു, കർഫ്യൂ
World

റഷ്യൻ ഷെല്ലാക്രമണം; യുക്രൈനിൽ ഒമ്പത്‌പേർ കൊല്ലപ്പെട്ടു, കർഫ്യൂ

Web Desk
|
19 March 2022 11:51 AM GMT

പ്രദേശത്ത് 38 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയതായി യുക്രൈൻ സൈന്യം

റഷ്യൻ ഷെല്ലാക്രമണത്തിൽ യുക്രൈനിലെ സപറോഷ്യയിൽ ഒമ്പത്‌പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി മേയർ അനറ്റോലി കുർടീവ് അറിയിച്ചു. ഇതോടെ പ്രദേശത്ത് 38 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയതായി യുക്രൈൻ സൈന്യം അറിയിച്ചു.



റഷ്യൻ സൈന്യം മോർട്ടർ, ടാങ്ക്, ഹെലികോപ്റ്റർ, റോക്കറ്റ് സംവിധാനം എന്നിവ ഉപയോഗിച്ചാണ് പ്രദേശത്ത് ആക്രമണം നടത്തുന്നതെന്ന് കുർടീവ് ഓൺലൈൻ പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം, യുക്രൈനിൽ 112 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രോസിക്യൂട്ടർ ജനറലുടെ ഓഫീസ് അറിയിച്ചിരുന്നു.


അതേസമയം, യുക്രൈനിൽ ആദ്യമായി 'കിൻസൽ' ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചതായി റഷ്യ അവകാശപ്പെട്ടു. യുക്രൈനിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ആയുധശേഖരം നശിപ്പിക്കാനാണ് ആണവായുധം വഹിക്കാൻ ശേഷിയുള്ള മിസൈൽ പ്രയോഗിച്ചതെന്നാണ് റഷ്യ ഇൻറർഫാക്‌സ് ന്യൂസ് ഗജൻസി പുറത്തുവിട്ട വാർത്തയിൽ അവകാശപ്പെട്ടത്.

ഇവാനോ ഫ്രാൻകിവ്‌സ്‌ക് പ്രദേശത്ത് ഡെലിറ്റിൻ ഗ്രാമത്തിൽ മിസൈലുകളും വെടിക്കോപ്പുകളും സൂക്ഷിച്ച അണ്ടർഗ്രൗണ്ട് വെയർഹൗസുകൾ തകർത്തതയാണ് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെൻകോവ് പറഞ്ഞത്. നാറ്റോ രാജ്യമായ റൊമാനിയയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് ഇവാനോ ഫ്രാൻകിവ്‌സ്‌ക്.

ഒഡേസയിലെ കരിങ്കടൽ തീരത്തെ യുക്രൈൻ സൈനികവ്യൂഹത്തിനെതിരെ ആൻറി ഷിപ്പ് മിസൈൽ സംവിധാനമായ 'ബാസഷൻ' പ്രയോഗിച്ചതായും റഷ്യ അറിയിച്ചു. ഇവരുടെ അവകാശ വാദങ്ങളിൽ യുക്രൈൻ പ്രസിഡൻറ് സെലൻസ്‌കി പ്രതികരിച്ചിട്ടില്ല.



എന്താണ് 'കിൻസൽ'?

  • കഠാരയെന്ന് അർഥമുള്ള കിൻസൽ ആണവായുധം വഹിക്കാൻ ശേഷിള്ള ബാലിസ്റ്റിക് മിസൈലാണ്.
  • ശബ്ദത്തേക്കാൾ പത്തുമടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന ഈ മിസൈലിന് എയർഡിഫൻസ് സംവിധാനങ്ങളെ മറികടക്കാനാകും.
  • 1500-2000 കിലോമീറ്റർ ദൂരമാണ് മിസൈലിന് സഞ്ചരിക്കാൻ കഴിയുന്ന ഏകദേശ ദൂരപരിധി.
  • 480 കിലോ ഭാരമുള്ള പാരമ്പര്യ പേലോഡോ ആണവ പേലോഡോ വഹിക്കാനാകും.
  • എട്ടു മീറ്ററാണ് കിൻസലിന്റെ നീളം. ഒരു മീറ്ററാണ് വീതി. 4300 കിലോ മീറ്ററാണ് വിക്ഷേപണ ഭാരം.

ഫെബ്രുവരി 24നാണ് യുക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചത്. ദിവസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിലും ഇതുവരെ തലസ്ഥാനമായ കിയവ് പിടിക്കാൻ റഷ്യക്കായിട്ടില്ല. പടിഞ്ഞാറൻ രാഷ്ട്രങ്ങളും വൻകിട കമ്പനികളും റഷ്യക്കെതിരെ ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശത്തിനെതിരെ തലസ്ഥാനമായ മോസ്‌കോയിലും പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം യുക്രൈനില്‍ ഇതുവരെ 600 സാധാരണക്കാർ കൊല്ലപ്പെടുകയും 1000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം 7000 റഷ്യൻ സൈനികര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക പുറത്തുവിട്ട കണക്കില്‍ പറയുന്നു. റഷ്യ യുദ്ധക്കുറ്റങ്ങൾ ചെയ്തതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ആരോപിച്ചു. അതിനിടെ യുക്രൈനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യുഎൻ സുരക്ഷാ കൗൺസിൽ ചേർന്നു. നഗരങ്ങളെയും പൗരന്മാരെയും റഷ്യ ലക്ഷ്യമിടുന്നതായി അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു.

റഷ്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുകയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍. റഷ്യൻ യുറേനിയം ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള ബിൽ റിപബ്ലിക്കൻ സെനറ്റർമാർ അവതരിപ്പിച്ചു.

Nine killed in Russian shelling in Zaporizhzhia, Ukraine

Similar Posts