ഇസ്രായേൽ വെടിവെപ്പിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു
|വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ആയിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പ്
വെസ്റ്റ്ബാങ്ക്: ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ വൃദ്ധ ഉൾപ്പെടെ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
വെടിവെപ്പിന് ശേഷം ഇസ്രായേൽ സൈന്യം അഭയാർഥി ക്യാമ്പിൽനിന്ന് പിൻമാറി. മഗ്ദ ഉബൈദ് എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടതെന്ന് ജെനിൻ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. വൃദ്ധ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ തങ്ങളുടെ പോരാളികളിൽ ഒരാളായ ഇസ്സുദ്ദീൻ സലാഹത്തും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീൻ രാഷ്ട്രീയ പാർട്ടിയായ ഫതഹിന്റെ സായുധ വിഭാഗമായ അൽ അഖ്‌സ ബ്രിഗേഡ് അറിയിച്ചു. വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 24 കാരനായ സായിബ് അസ്‌രീഖിയെന്ന യുവാവും മരണത്തിന് കീഴടങ്ങിയതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
قوات الاحتلال تستهدف مركبة إسعاف بشكل مباشر في مخيم #جنين#الجزيرة pic.twitter.com/wxlk3btPH8
— الجزيرة فلسطين (@AJA_Palestine) January 26, 2023
നിരവധിപേർക്ക് പരിക്കേറ്റതിനാൽ ആശുപത്രിയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും ആംബുലൻസുകളും മെഡിക്കൽ സംവിധാനങ്ങളും ആശുപത്രിയിലെത്തുന്നതിന് ഇസ്രായേൽ സൈന്യം തടസം സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം ആരോപിച്ചു.