India
Nitish Kumar

നിതീഷ് കുമാര്‍

India

ഹിന്ദി ദേശീയഭാഷയാണ്; പ്രസംഗത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ ആവശ്യപ്പെട്ട ഡി.എം.കെ നേതാവിനോട് പൊട്ടിത്തെറിച്ച് നിതീഷ് കുമാര്‍

Web Desk
|
20 Dec 2023 6:33 AM GMT

നിതീഷിന്‍റെ ഹിന്ദി പ്രസംഗത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ ആവശ്യപ്പെട്ടതാണ് ജെഡിയു നേതാവിനെ ചൊടിപ്പിച്ചത്

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി രണ്ടാംവാരത്തോടെ സീറ്റ് വിഭജനത്തിൽ അവസാന തീരുമാനം ഉണ്ടാക്കാനാണ് തീരുമാനം. അതിനിടെ മല്ലികാർജുൻ ഖാർഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നതിൽ ഇൻഡ്യ മുന്നണിയിൽ അതൃപ്തി ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കഴിഞ്ഞ ദിവസം നടന്ന യോഗം അവസാനിക്കാൻ കാത്തുനിൽക്കാതെ നേരത്തെ മടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അതേസമയം ചൊവ്വാഴ്ച നടന്ന ഇന്‍ഡ്യ മുന്നണിയുടെ യോഗത്തിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഡി.എം.കെ നേതാവ് ടി.ആര്‍ ബാലുവും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിതീഷിന്‍റെ ഹിന്ദി പ്രസംഗത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ ആവശ്യപ്പെട്ടതാണ് ജെഡിയു നേതാവിനെ ചൊടിപ്പിച്ചത്. ഹിന്ദി ദേശീയ ഭാഷയാണെന്നും എല്ലാവർക്കും അത് മനസ്സിലാക്കാൻ കഴിയണമെന്നും നിതീഷ് കുമാർ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്‍ഡ്യ മുന്നണിയുടെ കഴിഞ്ഞ മൂന്നു യോഗങ്ങളിലും രാഷ്ട്രീയ ജനതാദൾ രാജ്യസഭാ എം.പി മനോജ് കെ ഝാ വിവർത്തകനായി സേവനമനുഷ്ഠിക്കുകയും കുമാറിനും സ്വന്തം പാർട്ടിക്കും വേണ്ടി ഇംഗ്ലീഷിൽ പ്രസംഗങ്ങൾ നടത്തുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച നടന്ന യോഗത്തില്‍ നിതീഷ് കുമാറിന്‍റെ പ്രസംഗം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ ബാലു ഝായോട് ആവശ്യപ്പെട്ടു. എന്നാല്‍ ഝാ പ്രസംഗം പരിഭാഷപ്പെടുത്താന്‍ തുടങ്ങുന്നതിനു മുന്‍പ് നിതീഷ് ഇടപെടുകയായിരുന്നു. ഹിന്ദി ദേശീയ ഭാഷയാണെന്ന് പറഞ്ഞ ബിഹാര്‍ മുഖ്യമന്ത്രി സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഇംഗ്ലീഷ് അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ചും ദീര്‍ഘ പ്രസംഗം തന്നെ നടത്തി. രോഷാകുലനായ നിതീഷിനെ മറ്റുനേതാക്കള്‍ ഇടപെട്ടാണ് ശാന്തനാക്കിയത്. ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്‍റെ ഹിന്ദി പ്രസംഗവും പരിഭാഷപ്പെടുത്തിയില്ല.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചർച്ച ആരംഭിച്ചപ്പോൾ ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനാണ് ആദ്യം പ്രസംഗിച്ചത്. തുടർന്ന് നിതീഷ് കുമാറും സംസാരിച്ചു. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇംഗ്ലീഷിലാണ് പ്രസംഗിച്ചത്.

Related Tags :
Similar Posts