'കോവിഡിനെ ഒറ്റയ്ക്ക് മറികടക്കാൻ ഒരു രാജ്യത്തിനുമാകില്ല'; വാക്സിൻ അസമത്വത്തിനെതിരെ ലോകാരോഗ്യ സംഘടന
|രണ്ട് ഡോസ് സ്വീകരിച്ചവർക്ക് അധിക ഡോസ് നൽകുന്നതിന് പകരം, ദരിദ്ര രാഷ്ട്രങ്ങളിലെ രോഗസാധ്യതയുള്ള ജനങ്ങൾക്ക് വാക്സിൻ നൽകാനാണ് ശ്രമിക്കേണ്ടതെന്ന് ടെഡ്രോസ് അഥാനം ചൂണ്ടിക്കാട്ടി
കോവിഡ് വാക്സിന്റെ അധിക ഡോസുകൾ നൽകാനുള്ള സമ്പന്നരാജ്യങ്ങളുടെ നീക്കത്തിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) രംഗത്ത്. ഇത്തരം നടപടികൾ വാക്സിൻ അസമത്വം വർധിപ്പിക്കുകയാണെന്നും മഹാമാരിയെ ഒറ്റക്ക് മറികടക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും സംഘടന മേധാവി ടെഡ്രോസ് അഥാനം വ്യക്തമാക്കി. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസുകളും അധിക ഡോസുകളും നല്കാന് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡബ്ല്യൂ.എച്ച്.ഒയുടെ ഇടപെടല്‍.
രണ്ട് ഡോസ് സ്വീകരിച്ചവർക്ക് അധിക ഡോസ് നൽകുന്നതിന് പകരം, ദരിദ്ര രാഷ്ട്രങ്ങളിലെ രോഗസാധ്യതയുള്ള ജനങ്ങൾക്ക് വാക്സിൻ നൽകാനാണ് ശ്രമിക്കേണ്ടതെന്ന് ടെഡ്രോസ് അഥാനം ചൂണ്ടിക്കാട്ടി. ധാരാളം വാക്സിൻ വാങ്ങിക്കൂട്ടിയ സമ്പന്ന രാജ്യങ്ങൾ തന്നെ വീണ്ടും വാക്സിൻ വാങ്ങുമ്പോള്‍ ദരിദ്ര രാഷ്ട്രങ്ങൾക്ക് കിട്ടാതാകും. ഇത് വൈറസിന് വ്യാപിക്കാനും ജനിതകമാറ്റം വരുത്താനും ആവശ്യമായ സമയം നൽകലാണ്. അപ്പോള്‍ മഹാമാരി കൂടുതൽ കാലം നീണ്ടുനിൽക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പന്നരാജ്യങ്ങൾ ബൂസ്റ്റർ ഡോസ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് ഡബ്ല്യൂ.എച്ച്.ഒ നേരത്തെയും നിര്‍ദേശിച്ചിരുന്നു.
സമ്പന്നരാജ്യങ്ങളിലെ 67 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിൻ ലഭ്യമായതായാണ് കണക്കുകള്‍ പറയുന്നത്. ദരിദ്രരാജ്യങ്ങളിൽ 10 ശതമാനത്തിലും താഴെ മാത്രമാണ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നാലിൽ മൂന്ന് ആരോഗ്യപ്രവർത്തകരും വാക്സിന് ലഭിക്കാതെയാണ് കോവിഡിനെതിരെ പോരാടുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു. ഒമിക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്തു തുടങ്ങി. നാലാം ഡോസ് വാക്സിൻ നൽകാനൊരുങ്ങുകയാണ് ഇസ്രായേല്‍.