അടുത്ത ഒരാഴ്ച ഓംലെറ്റ് കഴിക്കില്ലെന്ന് ഇലോൺ മസ്‌ക്!; കാരണമിതാണ്
|വലിയൊരു പ്രശ്‌നത്തെ മസ്ക് നിസാരമാക്കി കാണിച്ചെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം
വാഷിങ്ടൺ: ഒരാഴ്ചത്തേക്ക് ഓംലെറ്റ് ഉപേക്ഷിക്കുമെന്ന് സ്‌പേസ് എക്‌സ്,ടെസ്ല സി.ഇ.ഒ ഇലോൺ മസ്‌ക്. അടുത്തിടെ സ്‌പേസ് എക്‌സ് നടത്തിയ റോക്കറ്റ് വിക്ഷേപണത്തിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് 'ദ ന്യൂയോർക്ക് ടൈംസിന്റെ' ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു മസ്‌ക് ഓംലറ്റ് ഉപേക്ഷിക്കുന്നതായി പ്രതിജ്ഞയെടുത്തത്.
ഇലോൺ മസ്‌കിന്റെ സമീപകാല സ്പേസ് എക്സ് വിക്ഷേപണത്തിൽ ഒമ്പത് പക്ഷിക്കൂടുകൾ നശിച്ചെന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ ലേഖനം. ഈ ലേഖനം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. സ്‌പേസ് എക്‌സ് വിക്ഷേപണ സമയത്ത് ശബ്ദതരംഗങ്ങൾ മൂലം ടെക്‌സസിലെ ഒമ്പത് കിളിക്കൂടുകളിലുണ്ടായിരുന്ന 22 മുട്ടകൾ നശിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ലേഖനത്തിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്ത് ഇലോൺ മസ്‌കിന്റെ പ്രഖ്യാപനം.'ഈ ഹീനമായ കുറ്റകൃത്യത്തിന് പരിഹാരം കാണാൻ, ഞാൻ ഒരാഴ്ചത്തേക്ക് ഓംലെറ്റ് കഴിക്കുന്നത് ഒഴിവാക്കും' എന്ന അടിക്കുറിപ്പോടെയായിരുന്നു മസ്‌കിന്റെ പോസ്റ്റ്.
എന്നാൽ മസ്‌കിന്റെ പ്രഖ്യാപനത്തെ പരിഹസിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വലിയൊരു പ്രശ്‌നത്തെ നിസാരമാക്കി കാണിച്ചെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. മസ്‌ക് വാർത്തയെ പരിഹസിക്കുകയാണെന്നായിരുന്നു ചിലരുടെ കമന്റ്, എക്‌സിന്റെ പഴയ ലോഗോയിലെ പക്ഷിയുമായി ബന്ധപ്പെടുത്തിയായിരുന്നു മറ്റു ചിലരുടെ കമന്റ്. പക്ഷികളെ എങ്ങനെ നിങ്ങൾക്ക് വേദനിപ്പിക്കാനാകും എന്ന് ചിലർ ചോദിച്ചു. മുട്ട കഴിക്കാതിരിക്കുന്നതുകൊണ്ട് ചെയ്ത തെറ്റുകൾ ഇല്ലാതാകുന്നില്ലെന്നുമാണ് ചിലരുടെ അഭിപ്രായം.
അതേസമയം,റോക്കറ്റ് വിക്ഷേപണം മൂലമുള്ള പരിസ്ഥിതി ആഘാതത്തെപ്പറ്റിയുള്ള ചർച്ചകൾ ഇതോടെ വീണ്ടും ചർച്ചയായിട്ടുണ്ടെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു.71 റോക്കറ്റ് വിക്ഷേപങ്ങളാണ് മസ്കിന്‍റെ സ്‌പേസ് എക്‌സ് ഈ വർഷം നടത്തിയത്