'അന്താരാഷ്ട്ര കോടതി ഉൾപ്പെടെ ആര് പറഞ്ഞാലും യുദ്ധത്തിൽ നിന്ന് പിന്മാറില്ല': നെതന്യാഹു
|ഗസ്സ യുദ്ധത്തിന്‍റെ നൂറാം ദിവസമായ ഇന്നലെ 125 പേരാണ് മരണപ്പെട്ടത്
തെല്‍അവീവ്: കൊല്ലപ്പെട്ടവരുടെഎണ്ണം 24,000 കടന്നിട്ടും യുദ്ധം നിർത്തില്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ. അന്താരാഷ്ട്ര കോടതി ഉൾപ്പെടെ ആരുപറഞ്ഞാലും യുദ്ധത്തിൽ നിന്ന് പിൻമാറില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലക്ഷ്യം നേടുംവരെ ഗസ്സ യുദ്ധം തുടരുമെന്നും അന്താരാഷ്ട്ര എതിർപ്പുകൾ കാര്യമാക്കുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. വെസ്റ്റ് ബാങ്കിലും തീ പടർത്താനാണ് ഹമാസ് നീക്കമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
ഗസ്സ യുദ്ധത്തിന്‍റെ നൂറാം ദിവസമായ ഇന്നലെ 125 പേരാണ് മരണപ്പെട്ടത്. ഗസ്സയിൽ തകർക്കപ്പെട്ട വീടുകളുടെ മാത്രം എണ്ണം 3.59 ലക്ഷം കവിഞ്ഞു. ഇന്നലെയും വ്യാപക ആക്രമണങ്ങളാണ് നടന്നത്. വെസ്റ്റ് ബാങ്കിലും മൂന്ന് പേരെ ഇസ്രായേൽ സുരക്ഷാ സേന കൊലപ്പെടുത്തി.
ഫലസ്തീൻ ജനതക്കെതിരായ കടന്നുകയറ്റം അവസാനിപ്പിക്കാതെ ചർച്ചക്ക് പ്രസക്തിയില്ലെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പ്രതികരിച്ചു. തെൽഅവീവ്, അഷ്ദോദ് നഗരങ്ങൾക്കു നേരെ അൽഖസ്സാം ബ്രിഗേഡ് നിരവധി റോക്കറ്റുകൾ അയച്ചു. ഗസ്സയിൽ ഇസ്രായേൽ സൈനികസാന്നിധ്യമുള്ളിടത്തു നിന്നാണ് അൽഖസ്സാം ബ്രിഗേഡ് റോക്കറ്റുകൾ തൊടുത്തുവിട്ടത്. ലബനാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിൽ 5 സൈനികർക്ക് പരിക്കേറ്റതായും ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഇസ്രായേൽ സ്ഥിരീകരിച്ചു. ഇതിനുള്ള പ്രത്യാക്രമണമെന്നോണം ഹിസ്ബുല്ല കേന്ദ്രങ്ങളിൽ വ്യാപക ബോംബാക്രമണം നടന്നു.
ഹൂതി സൈനിക കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും ബോംബാക്രമണം നടത്തിയെന്ന വാർത്ത ഇരു രാജ്യങ്ങളും തള്ളി. ഹൂതികളുമായി കൂടുതൽ ഏറ്റുമുട്ടലിനില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. ഗസ്സ യുദ്ധത്തെ തുടർന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന്‍റെ ജനപിന്തുണ കുത്തനെ ഇടിഞ്ഞതായി എ.ബി.സി സർവേ. ഒന്നര പതിറ്റാണ്ടിനിടയിൽ ഇത്രമാത്രം ജനപിന്തുണ നഷ്ടപ്പെട്ട മറ്റൊരു യു.എസ് പ്രസിഡൻറ് വേറെയില്ലെന്നും സർവേ റിപ്പോർട്ട് പറയുന്നു.
ആഭ്യന്തര സമ്മർദം മുറുകിയതോടെ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിലും ഭിന്നത രൂക്ഷമായി. യുദ്ധം നിർത്തി ഹമാസുമായി വലിയൊരു ഉടമ്പടിക്ക് തയാറായി ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്ന് മന്ത്രിസഭാംഗം ഗദി ഈസൻകോട്ട് ആവശ്യപ്പെട്ടു. ഗസ്സയിൽ വെടിനിർത്തലും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവും ആവശ്യപ്പെട്ട് ചൈനയും രംഗത്തുവന്നു.