മൃതദേഹങ്ങൾ മറവ് ചെയ്യാൻ സ്ഥലമില്ലാതെ ഗസ്സ; ചർച്ചകൾക്കിടെ വീണ്ടും ഇസ്രായേൽ ആക്രമണം; കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു
|ദിവസേന നൂറുകണക്കിന് ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഗസ്സയിൽ മറവുചെയ്യേണ്ടി വരുന്നത്.
ഗസ്സ: ഇസ്രായേലിന്റെ ഭീകരാക്രമണം തുടരുന്ന ഗസ്സയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുമ്പോൾ ഹൃദയഭേദക വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഗസ്സയിൽ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങൾ മറവുചെയ്യാൻ സ്ഥലമില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദിവസേന നൂറുകണക്കിന് ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഗസ്സയിൽ മറവുചെയ്യേണ്ടി വരുന്നത്.
'ആളുകളെ അടക്കം ചെയ്യാൻ ഇനി സ്ഥലമില്ല. ഞങ്ങൾ ക്ഷീണിതരാണ്. ഈ യുദ്ധം അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'- തെക്കൻ ഗസ്സയിൽ ഖബർ കുഴിക്കുന്ന നജി അബു ഹതേബ് അൽ ജസീറയോട് പറഞ്ഞു. ഇസ്രായേൽ ആക്രമണം ശക്തമായ ഒക്ടോബർ ഏഴിന്റെ പിറ്റേന്നു മുതൽ ഓരോ ദിവസവും എണ്ണമറ്റ മൃതദേഹങ്ങളാണ് ഖബറടക്കപ്പെടുന്നത്. പലപ്പോഴും കൂട്ടമായി മറവു ചെയ്യുമ്പോൾ സ്ഥലമില്ലാത്തതിനാൽ പല മൃതദേഹങ്ങളും ഒറ്റയ്ക്കും ഖബറടക്കാറുണ്ട്.
പത്ത് മാസമായി ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യയിൽ മരണസംഖ്യ 40,000ന് മുകളിലായി എന്നാണ് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം പറയുന്നത്. ദിനേന നിരവധി പേർ കൊല്ലപ്പെട്ടുകൊണ്ടിരിക്കെ മൃതദേഹങ്ങൾ ഇനിയെവിടെ മറവുചെയ്യുമെന്നാണ് ഗസ്സ നിവാസികൾ ചോദിക്കുന്നത്. വെടിനിർത്തൽ ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുമ്പോഴും ഗസ്സയിൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ. കുട്ടികളടക്കം നിരവധി പേരാണ് ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഗസ്സയിലെ സെൻട്രൽ അസ്സവായ്ദയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 15 പേർക്കാണ് ജീവൻ നഷ്ടമായത്. ഗസ്സ മുനമ്പിൻ്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന നുസെറാത്ത് അഭയാർഥി ക്യാമ്പിലെ വീടിനു നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. യുദ്ധത്തിൻ്റെ തുടക്കം മുതൽ ഇസ്രായേൽ ആക്രമണങ്ങളും റെയ്ഡുകളും നടന്നുവരുന്ന ഇടമാണ് നുസൈറാത്ത് ക്യാമ്പ്.
സെൻട്രൽ ഗസ്സ മുനമ്പിലെ ദേർ എൽ-ബലാഹ് നഗരത്തിലെ ഒരു വീടിന് നേരെ നടന്ന ഇസ്രായേൽ ബോംബാക്രമണത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ ഏഴ് ഫലസ്തീനികളും കൊല്ലപ്പെട്ടു. ഇതു കൂടാതെ, ഗസ്സ മുനമ്പിലെ ഒരു വീടിന് നേരെ നടത്തിയ ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പലസ്തീൻ കുട്ടികൾക്ക് പരിക്കേറ്റു.
അതേസമയം, കെയ്റോ ചർച്ചയിലൂടെ ഗസ്സയിൽ വെടിനിർത്തൽ കരാർ നടപ്പാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. അടുത്തയാഴ്ച ആവസാനത്തോടെ കെയ്റോയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് അമേരിക്ക പറയുന്നത്. ഇതാദ്യമായി കരാറിനോട് അടുത്തെത്തിയിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
വെടിനിർത്തൽ ചർച്ചക്കുശേഷം ദോഹയിൽനിന്ന് മടങ്ങിയെത്തിയ സംഘവുമായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആശയവിനിമയം നടത്തി. വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിക്കുമെങ്കിലും ആറാഴ്ചക്കുശേഷം ആക്രമണം പുനരാരംഭിക്കാൻ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, സൈന്യത്തെ ഇസ്രായേൽ പൂർണമായും പിൻവലിക്കാതെ ഒരു കരാറിലും ഒപ്പിടില്ലെന്ന് ഹമാസ് ആവർത്തിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ഇസ്രായേലിൽ എത്തും. ഗസ്സ യുദ്ധത്തിനിടെ ബ്ലിങ്കൻ നടത്തുന്ന പത്താമത് ഇസ്രായേൽ സന്ദർശനം കൂടിയാണിത്.