World
Sunita Williams, Butch Wilmore ,NASA,International Space Station, Starliner ,സുനിത വില്യംസ്,നാസ,അന്താരാഷ്ട്ര ബഹിരാകാശ നിലയം
World

സുനിത വില്യംസ് ഭൂമിയിലേക്ക് എന്ന് തിരികെ വരും? തീയതി ഇനിയും പ്രഖ്യാപിക്കാതെ നാസ

Web Desk
|
26 July 2024 8:07 AM GMT

ഒരാഴ്ചത്തെ ദൗത്യത്തിനായാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവ് വീണ്ടും അനിശ്ചിതത്വത്തിൽ. ബോയിങ് സ്റ്റാർലൈനറിന്റെ ഭൂമിയിലേക്കുള്ള മടക്കത്തിന്റെ നടപടിക്രമങ്ങളിൽ പുരോഗതി ഉണ്ടെങ്കിലും മടങ്ങിവരവിന്റെ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആഗസ്റ്റ് ആദ്യവാരത്തോടെയായിരിക്കും ഇക്കാര്യത്തിൽ നാസ അന്തിമ തീരുമാനം അറിയിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം. ബഹിരാകാശ സഞ്ചാരികളെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് സ്റ്റാർലൈനർ പ്രോഗ്രാം മാനേജരും വൈസ് പ്രസിഡന്റുമായ മാർക്ക് നാപ്പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവരെ സുരക്ഷിതമായി തിരിച്ചയക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും നാപ്പി കൂട്ടിച്ചേർത്തു.

ബോയിംഗ് സ്റ്റാർലൈനർ ക്യാപ്സ്യൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോയി.

ജൂൺ അഞ്ചിനാണ് ഇരു ബഹിരാകാശ സഞ്ചാരികളെയും കൊണ്ട് ബോയിങ് സ്റ്റാർലൈനർ കുതിച്ചുയർന്നത്. ഒരാഴ്ചത്തെ ദൗത്യത്തിനായാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.ജൂൺ പകുതിയോടെ തിരിച്ചുവരേണ്ട ഇരുവരും ഒരു മാസത്തിലേറെയായി ഭൂമിയിലേക്ക് മടങ്ങാനാവാതെതിരിക്കുകയാണ്.

വിൽമോറിനെയും സുനിത വില്യംസിനെയും സ്റ്റാർലൈനറിൽ തന്നെ തിരികെ കൊണ്ടുവരുന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തിരിച്ചുവരുന്ന തീയതി പ്രഖ്യാപിക്കാൻ മിഷൻ മാനേജർമാർ തയ്യാറല്ലെന്ന് നാസയുടെ വാണിജ്യ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു. ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Similar Posts