മനുഷ്യത്വ ഇടനാഴി ഒരുക്കാൻ ഇടപെടണം; യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ
|റഷ്യയുമായും യുക്രൈനുമായും ചർച്ചകൾ നടത്തിയിട്ടും സംഘർഷ മേഖലകളിലുള്ളവരെ തിരികെ എത്തിക്കാനാകുന്നില്ല
യുക്രൈനിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ മനുഷ്യത്വ ഇടനാഴി ഒരുക്കാൻ ഇടപെടണമെന്ന് യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ. റഷ്യയോടും യുക്രൈനോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും സുമിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്ക് പുറത്ത് കടക്കാൻ വഴിയൊരുങ്ങുന്നില്ലെന്നും ഇന്ത്യ രക്ഷാസമിതിയെ ബോധ്യപ്പെടുത്തി. ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇന്ത്യ അറിയിച്ചു. യു.എൻ അംബാസഡറിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തിയാണ് യുക്രൈനിലെ സാഹചര്യത്തെ കുറിച്ച് രക്ഷാസമിതിയ യോഗത്തിൽ സംസാരിച്ചത്.
യുക്രൈനിൽ നിന്ന് 20,000 ത്തിലധികം ഇന്ത്യക്കാർക്ക് സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും തിരുമൂർത്തി പറഞ്ഞു. ഇനി യുക്രൈനിൽ അവശേഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ എല്ലാ നിരപരാധികൾക്കും സുരക്ഷിതമായും തടസ്സമില്ലാതെയും കടന്നുപോകാനുള്ള സാഹചര്യം അടിയന്തരമായി ഒരുക്കണമെന്ന് ഇന്ത്യ ആവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാനും ഇന്തയ സഹായിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ അധിനിവേശം 13ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സൈന്യങ്ങൾ തമ്മിലുള്ള രൂക്ഷമായ പോരാട്ടം നടക്കുന്ന സുമിയിൽ 700 ഓളം ഇന്ത്യൻ വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്. സുമിയിൽ നിന്ന് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കനത്ത ഷെല്ലാക്രമണവും വ്യോമാക്രമണവും കാരണം അത് ഉപേക്ഷിക്കുകയായിരുന്നു. .
യുദ്ധബാധിതമായ യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനായി കേന്ദ്രസർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ ഗംഗ' യിലൂടെ ആയിരക്കണക്കിന് ആളുകളെയാണ് രക്ഷപ്പെടുത്തിയത്. ഇതിൽ കൂടുതലും വിദ്യാർഥികളായിരുന്നു. യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തികളോട് ചേർന്നുള്ള രാജ്യങ്ങളിൽ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചപ്പോൾ കിഴക്കൻ ഭാഗത്ത് നിന്നുള്ള ഒഴിപ്പിക്കൽ ഒരു വെല്ലുവിളിയായി തുടരുകയാണെന്നും ടി.എസ് തിരുമൂർത്തി രക്ഷാസമിതിയെ ബോധ്യപ്പെടുത്തി.