ഹോളണ്ടിലെ ജനപ്രിയ പേരുകളില്‍ ആദ്യം 'നോഹ', 'മുഹമ്മദ്' രണ്ടാമത്
|ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കഴിഞ്ഞ വര്‍ഷ കാലയളവില്‍ 168.526 കുഞ്ഞുങ്ങള്‍ക്കാണ് രാജ്യം ജന്മം നല്‍കിയത്
ഹോളണ്ടിലെ ജനപ്രിയ പേരുകളില്‍ ആദ്യം സ്ഥാനത്ത് ഇടം പിടിച്ച് 'നോഹ'. ഡച്ച് സോഷ്യൽ ഇൻഷുറൻസ് ബാങ്കാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് നവജാതരായ ആൺകുട്ടികള്‍ക്ക് ഏറ്റവും അധികം നൽകിയ പേര് നോഹ എന്നാണ്. തുടർച്ചയായി നാലാം വർഷമാണ് നോഹ എന്ന പേര് ജനപ്രിയമായി തുടരുന്നത്. 2021-ൽ 945 നവജാതശിശുക്കൾക്ക് നോഹ എന്ന് പേരിട്ടപ്പോൾ, 2022-ൽ ഇത് 871 ആയി കുറഞ്ഞു.
ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ പേരായി മുഹമ്മദ് ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നവജാത ശിശുവിന്റെ പേരിനൊപ്പം ചേർത്ത് 671 കുഞ്ഞുങ്ങള്‍ക്കാണ് മുഹമ്മദ് എന്ന് പേര് നല്‍കിയിരിക്കുന്നത്. നവജാത പെൺകുട്ടികളിൽ ഏറ്റവും പ്രചാരം നേടിയ പേര് എമ്മ ആണ്. 677 പെൺകുട്ടികള്‍ക്കാണ് എമ്മ എന്ന പേര് ഇട്ടിരിക്കുന്നത്.
ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കഴിഞ്ഞ വര്‍ഷ കാലയളവില്‍ 168.526 കുഞ്ഞുങ്ങള്‍ക്കാണ് രാജ്യം ജന്മം നല്‍കിയത്. ഇതില്‍ 86.108 പേര് ആണ്‍കുട്ടികളും 82.418 പേര് പെണ്‍കുട്ടികളുമാണ്. 2021ലെ കണക്കുകള്‍ പ്രകാരം ജനന നിരക്കുകളില്‍ രാജ്യത്ത് വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.