World
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കും
World

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കും

Web Desk
|
7 Aug 2024 12:55 AM GMT

യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിലെ മറ്റ് അംഗങ്ങളെ രാഷ്ട്രീയ പാർട്ടികളുമായും മറ്റ് നേതാക്കളുമായും ചർച്ച ചെയ്ത ശേഷം ഉടൻ തീരുമാനിക്കും

ധാക്ക: നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കും. ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ തീരുമാനിച്ചത്. മറ്റ് അംഗങ്ങളെ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും.

പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്നൽ അബേദിൻ ആണ് മുഹമ്മദ് യൂനുസിനെ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവനായി തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് തീരുമാനം. യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിലെ മറ്റ് അംഗങ്ങളെ രാഷ്ട്രീയ പാർട്ടികളുമായും മറ്റ് നേതാക്കളുമായും ചർച്ച ചെയ്ത ശേഷം ഉടൻ തീരുമാനിക്കുമെന്നും അബേദിൻ പറഞ്ഞു.

വിദ്യാർത്ഥി പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ, രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ, ചില വ്യാവസായിക പ്രമുഖർ എന്നിവർ ഇടക്കാല ഭരണകൂടത്തിന്റെ തലവനെ തീരുമാനിക്കാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുനുസിന്റെ പേര് നേരത്തെ തന്നെ ചർച്ചകളിൽ ഉയർന്നിരുന്നു. പാരീസിൽ നിന്ന് യൂനുസ് ഉടൻ രാജ്യത്തേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്.

ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ തയ്യാറാണെന്ന് മുഹമ്മദ് യൂനുസ് വ്യക്തമാക്കി. പ്രക്ഷോഭകര്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെ താന്‍ ആദരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കണം. ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് കൈവരികയുള്ളൂ. തെരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ല. മാറ്റത്തിനുവേണ്ടിയാണ് യുവാക്കള്‍ ശബ്ദമുയര്‍ത്തിയത്. രാജ്യംവിട്ടതിലൂടെ പ്രധാനമന്ത്രി ആ ശബ്ദം കേട്ടു. ഇത് പ്രധാനപ്പെട്ടൊരു ചുവടുവെപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശൈഖ് ഹസീനയുടെ അറിയപ്പെടുന്ന വിമർശകനും രാഷ്ട്രീയ എതിരാളിയുമാണ് യൂനുസ്. രാജ്യത്തിന്റെ രണ്ടാം വിമോചന ദിനം എന്നാണ് ഹസീനയുടെ രാജിയെ അദ്ദേഹം വിശേഷിപ്പിച്ചത്. 2006-ലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യൂനുസിനെ തേടിയെത്തുന്നത്. ചെറുകിടസംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് 1983-ല്‍ ബംഗ്ലാദേശിലുടനീളം ഗ്രാമീണബാങ്കുകള്‍ സ്ഥാപിച്ച് യൂനുസ് ചരിത്രത്തിലിടം നേടി. ഗ്രാമീണബാങ്കിങ്ങിലൂടെ ബംഗ്ലാദേശിന്റെ ദാരിദ്യനിര്‍മാര്‍ജനത്തില്‍ സുപ്രധാന പങ്കുവഹിച്ചതിനാണ് 2006-ല്‍ യൂനുസിന് നൊബേല്‍സമ്മാനം ലഭിച്ചത്. സാധാരണ ഗതിയിൽ വായ്പ ലഭിക്കാത്ത സംരംഭകർക്ക് ചെറുകിട വായ്പകൾ നൽകുന്നതിനായാണ് 1983 ൽ യൂനുസ് ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചത്. ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തുന്നതിൽ ബാങ്ക് വിജയിച്ചു. 2008-ല്‍ അധികാരത്തിൽ വന്നശേഷം തൊഴില്‍നിയമം ലംഘിച്ചെന്നതടക്കം ആരോപിച്ച് ഹസീന സര്‍ക്കാര്‍ യൂനുസിനെ നിരന്തരം വേട്ടയാടിയിരുന്നു. പല കേസുകളിലും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.

Similar Posts