നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന് അംഗീകാരം; സമാധാന നൊബേല്‍ മരിയ റസ്സയ്ക്കും ദിമിത്രി മുറാട്ടോവിനും
|ഫിലിപ്പൈന്‍സ് സ്വദേശിയായ മരിയ റസ്സ, റഷ്യക്കാരി ദിമിത്രി മുറാട്ടോവ് എന്നിവര്‍ക്ക് ഇരുരാജ്യങ്ങളിലും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ നിര്‍ഭയ പോരാട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഫിലിപ്പൈന്‍സ് സ്വദേശിയായ മരിയ റസ്സ, റഷ്യക്കാരി ദിമിത്രി മുറാട്ടോവ് എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളിലും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു പ്രതിരോധവുമായി നടത്തിയ നിര്‍ഭയ പോരാട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം.
ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും ഭീഷണി നേരിടുന്ന ലോകത്ത് പോരാടുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് മരിയ റസ്സയും ദിമിത്രി മുറാട്ടോവുമെന്നാണ് പുരസ്കാര സമിതി അഭിപ്രായപ്പെട്ടത്. ആകെ 329 പേരില്‍നിന്നാണ് ഇരുവരും പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗ്, മാധ്യമ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ്(ആര്‍എസ്എഫ്) ആഗോള ആരോഗ്യസമിതിയായ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) അടക്കം പരിഗണനാപട്ടികയിലുണ്ടായിരുന്നു. പുരസ്കാരജേതാക്കള്‍ക്ക് അംഗീകാരപത്രത്തോടൊപ്പം പത്ത് മില്യന്‍ സ്വീഡിഷ് ക്രോണയാണ് ലഭിക്കുക. ഏകദേശം ഒന്‍പത് കോടിയോളം വരുമിത്.
റാപ്പ്ലര്‍ എന്ന ന്യൂസ് പോര്‍ട്ടല്‍ സഹസ്ഥാപകയാണ് മരിയ റസ്സ. ഫിലിപ്പൈന്‍സിലെ സ്വേച്ഛാധിപത്യത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ മാധ്യമത്തിലൂടെ നടത്തിയ ഇടപെടലുകളാണ് പുരസ്കാരം നല്കാനായി നൊബേല്‍ സമിതി പരിഗണിച്ചത്. റഷ്യയിലെ സ്വതന്ത്ര മാധ്യമമായ നൊവാജ ഗസെറ്റയുടെ സഹസ്ഥാപകനാണ് മുറാട്ടോവ്. കഴിഞ്ഞ 24 വര്‍ഷമായി പത്രത്തിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ അദ്ദേഹം റഷ്യയിലെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പ്രതികൂല സാഹചര്യങ്ങളെല്ലാം വകവച്ച് പോരാടിയയാളാണ്.