World
North Korea ballistic missile launch
World

വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം: സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജപ്പാന്‍റെ നിര്‍ദേശം

Web Desk
|
13 April 2023 5:47 AM GMT

മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഒരു ദ്വീപിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജപ്പാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഈ നിര്‍ദേശം പിന്‍വലിച്ചു

പ്യോങ്‍യാങ്: വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ജപ്പാനും കൊറിയയ്ക്കുമിടയിലെ കടലിലേക്കാണ് പരീക്ഷണം നടത്തിയത്. മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഒരു ദ്വീപിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജപ്പാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഈ നിര്‍ദേശം പിന്‍വലിച്ചു.

ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്‍യാങ്ങില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. മിസൈല്‍ പരീക്ഷണം നടത്തിയതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മധ്യദൂര മിസൈലാണോ ദീര്‍ഘദൂര മിസൈലാണോ പരീക്ഷിച്ചതെന്ന് വ്യക്തമല്ല.

ജപ്പാനിലെ വടക്കന്‍ മേഖലയിലെ ദ്വീപായ ഹൊക്കൈഡോയിലുള്ളവര്‍ക്കാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം ലഭിച്ചത്. ജപ്പാന്‍ സര്‍ക്കാരാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ദ്വീപിലേക്ക് മിസൈല്‍ എത്താന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പ് പിന്‍വലിച്ചു. മിസൈല്‍ കടലിന്‍റെ ഏതു ഭാഗത്താണ് എത്തിയതെന്ന് വ്യക്തമല്ലെന്ന് ജപ്പാന്‍ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനിടെ സമാനമായ മുന്നറിയിപ്പ് ജപ്പാന്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. മിസൈൽ പസഫിക്കിൽ പതിച്ചപ്പോൾ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും വടക്കുകിഴക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജപ്പാന്‍ ആവശ്യപ്പെടുകയായിരുന്നു.

Summary- North Korea on Thursday fired a ballistic missile that landed in the waters between Japan and the Korean Peninsula

Similar Posts