അമേരിക്കക്കെതിരെ പോരാടാന്‍ 8 ലക്ഷം യുവാക്കള്‍ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറായതായി ഉത്തര കൊറിയ
|ഉത്തര കൊറിയയുടെ സ്റ്റേറ്റ് പത്രം ശനിയാഴ്ചയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്
സിയോള്‍: അമേരിക്കക്കെതിരെ പോരാടുന്നതിന് ഏകദേശം 800,000 പൗരന്മാര്‍ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറായതായി ഉത്തര കൊറിയ. ഉത്തര കൊറിയയുടെ സ്റ്റേറ്റ് പത്രം ശനിയാഴ്ചയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച മാത്രം രാജ്യത്തുടനീളമുള്ള 800,000 വിദ്യാർത്ഥികളും തൊഴിലാളികളും അമേരിക്കയെ നേരിടാൻ സൈന്യത്തിൽ ചേരാന്‍ കരാര്‍ ഒപ്പിട്ടതായി റോഡോംഗ് സിൻമുൻ പത്രം റിപ്പോർട്ട് ചെയ്തു." സോഷ്യലിസ്റ്റ് രാജ്യത്തെ ഇല്ലാതാക്കാനും ദേശീയ പുനരേകീകരണത്തിന്‍റെ മഹത്തായ ലക്ഷ്യം കൈവരിക്കാനും യുദ്ധഭ്രാന്തന്മാരെ നിഷ്കരുണം തുടച്ചുനീക്കാനുള്ള യുവതലമുറയുടെ അചഞ്ചലമായ ഇച്ഛാശക്തിയുടെ പ്രകടനമാണ് സൈന്യത്തിൽ ചേരാനുള്ള യുവാക്കളുടെ കുതിച്ചുയരുന്ന ആവേശം. അവരുടെ തീവ്രമായ ദേശസ്നേഹത്തിന്‍റെ വ്യക്തമായ പ്രകടനമാണ്," റോഡോങ് സിൻമുൻ റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങൾക്ക് മറുപടിയായി ഉത്തരകൊറിയ വ്യാഴാഴ്ച ഹ്വാസോങ്-17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) വിക്ഷേപിച്ചതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ അവകാശവാദം.
ഉത്തരകൊറിയയെ നേരിടാനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ടോക്കിയോയിലേക്ക് പറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വ്യാഴാഴ്ച കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള കടലിലേക്ക് ഉത്തരകൊറിയ മിസൈല്‍ വിക്ഷേപിച്ചത്. സൈനികാഭ്യാസത്തിലൂടെ അമേരിക്കയും ദക്ഷിണ കൊറിയയും സംഘർഷം വർധിപ്പിക്കുകയാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആരോപിച്ചു.